മാതൃ ഭാഷാദിനം 21 ഫെബ്രുവരി 2022

0
432

ഇന്ന് ലോക മാതൃഭാഷാ ദിനമാണ്.

വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം മാതൃഭാഷാ ദിനത്തിൽ കേരളത്തിൻറെ പൊതുമണ്ഡലത്തിൽ അറിയപ്പെടുന്ന എഴുത്തുകാരും ചിന്തകരുമായി സംവദിച്ചു. അവരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും ഇവിടെ അവതരിപ്പിക്കുന്നു. ചരിത്രകാരനായ രാജൻ ഗുരുക്കൾ, എഴുത്തുകാരും
പ്രഭാഷകരുമായ കെ. സച്ചിദാനന്ദൻ, സുനിൽ പി. ഇളയിടം, ഉണ്ണി ആർ, എം എൻ കാരശ്ശേരി, എസ്‌. ഗോപാലകൃഷ്‌ണൻ, ഖദീജ മുംതാസ് ,ഫാ. കെ.എം. ജോർജ്
തുടങ്ങിയവരുടെ പ്രതികരണങ്ങൾ വായിക്കാം, കേൾക്കാം.

ചരിത്രകാരനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ രാജൻ ഗുരുക്കൾ എഴുതുന്നു:


“മാതൃഭാഷയിലാണു നമ്മൾ ജനിച്ചു വളർന്നത് . ഹൃദയത്തിലാണതിന്റെ സ്ഥാനം. ജീവിതവും സംസ്‌കാരവുമാണത്. ഭാഷ നാം ബോധപൂർവ്വം പഠിക്കുമ്പോൾ മാതൃഭാഷ സ്വാഭാവികമായി സ്വായത്തമാക്കുകയാണ്. നമുക്കു സ്വന്തമാണത്. ഒരുഭാഷ നമ്മെ പഠിക്കാനും ആവർത്തിക്കാനും സഹായിക്കുമ്പോൾ മാതൃഭാഷ നമ്മെ മനസ്സിലാക്കാനും നിരാകരിക്കാനും പഠിപ്പിക്കുന്നു. മാതൃഭാഷ നഷ്‌ടപ്പെടുന്നവർ സാംസ്‌കാരികമായി പ്രവാസികളാവുകയും സാമൂഹികമായി ഭവനരഹിതരാവുകയും ചെയ്യുന്നു.”

പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽപി.ഇളയിടം സംസാരിക്കുന്നു.

കവിയും സാമൂഹിക വിമർശകനുമായ കെ.സച്ചിദാനന്ദൻ മാതൃഭാഷദിനത്തെക്കുറിച്ചു തൻറെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു.


എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ഉണ്ണി ആർ
എഴുതുന്നു

ചെറു ഭാഷകൾ വറ്റിപ്പോകുന്ന ഒരു കാലമാണ് നമ്മുടേത്. ലോകം എക ഭാഷയിലേക്കോ അല്ലെങ്കിൽ കുറച്ചു മാത്രം ഭാഷകളിലേക്കോ ചുരുക്കപ്പെടുമ്പോൾ മാതൃഭാഷാ ദിനമെന്നത് ഒരു ഓർമപ്പെടുത്തൽ മാത്രമല്ല.പ്രതിരോധത്തിനുള്ള ആഹ്വാനം കൂടിയാണ്. എൻ്റെ ഭാഷയിൽ തന്നെ എത്രയെത്ര ചെറു വഴികൾ ,എത്രയെത്ര പിരിവുകളും കുന്നുകളും ആഴങ്ങളും! ഇതൊക്കെയും മൂടുവാൻ വാ തുറക്കപ്പെടുന്ന ഏക ഭാഷാ അധികാരത്തിനോട് നമുക്ക് നമ്മുടെ ഭാഷയിൽ മിണ്ടിയും എഴുതിയും എതിരിടാം.ഉണ്ണി ആർ

എഴുത്തുകാരിയും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ
ഡോ. ഖദീജ മുംതാസ് സംസാരിക്കുന്നു.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എസ് .ഗോപാലകൃഷ്ണൻ
സംസാരിക്കുന്നു.

മലയാള ഭാഷ എഴുതുമ്പോൾ വലിയ ആഹ്ലാദം അകമേ അനുഭവിക്കുന്ന ഒരാളാണ് ഞാൻ.  നവംനവങ്ങളായ ആശയപ്രകാശനങ്ങൾക്ക് വാഹനമാകുവാൻ ഭാഷ ഉപകരിക്കുന്ന വേളയിൽ ഉളവാകുന്ന ഒരാഹ്ലാദമാണിത്.

ലോകമാതൃഭാഷാദിനമായ ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി മലയാളഭാഷയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് തോന്നുന്നത് ഈ ഭാഷ യാതൊരുവിധ ഭീഷണിയും നേരിടുന്നില്ല എന്നതാണ് .

സർവ്വനാശഭീഷണി നേരിടുന്ന ലോകത്തിലെ ഭാഷകളിൽ പത്തുശതമാനവും ഇന്ത്യയിലാണ് . ഭൂമുഖത്ത് മനുഷ്യൻ സംസാരിക്കുന്ന ആറായിരത്തോളം ഭാഷകളിൽ നാലായിരവും നാശോന്മുഖമാണെന്നാണ് ലുപ്തപ്രായരായ ഇന്ത്യൻ ഭാഷകളുടെ സംരക്ഷണത്തിനായി അക്ഷീണം പ്രയത്‌നിക്കുന്ന ഗണേഷ് എൻ . ദെവി അഭിപ്രായപ്പെട്ടിട്ടുള്ളത്.

മലയാളഭാഷയിൽ ഇതിനുമുൻപുണ്ടായിട്ടില്ലാത്ത വിധത്തിൽ ഒരു നവോന്മേഷം ഉണ്ട് എന്നു കരുതുന്ന ഒരാളാണ് ഞാൻ.

ഒരു പക്ഷേ പാരമ്പര്യവിധിയാൽ സാഹിത്യമെന്ന് വിവക്ഷിക്കപ്പെടുന്ന മണ്ഡലങ്ങളിൽ ആയിരിക്കണമെന്നില്ല ഈ ഊർജ്ജദായകമായ വീണ്ടെടുക്കലുകൾ നടക്കുന്നത്. എന്നാൽ ഈ വീണ്ടെടുക്കലുകളുടെ പ്രതിഫലനം മലയാളിയുടെ സർഗ്ഗാത്മക കൃതികളിൽ ഉണ്ടാകുന്നുണ്ടുതാനും. മലയാളി എന്ന ഏകശിലയല്ല നമ്മുടെ  ആധുനികമായ സ്വത്വബോധങ്ങളിലെ തരാതരങ്ങൾ. ഭാഷയല്ല  നമ്മുടെ ദേശീയതയുടെ ഇന്നത്തെ  മൂലമൂലകം. ഭാഷയുടെ അടിസ്ഥാനത്തിലാണ് എല്ലാ ദേശീയതകളും അടിസ്ഥാനപരമായി നിലനിൽക്കുന്നതെങ്കിലും, ഐക്യകേരളം അങ്ങനെയാണ് ഉണ്ടായതെങ്കിലും നിരവധി സ്വത്വലോകങ്ങളുടെ സംയോഗമാണ് മലയാളി എന്ന് നാം പേരിട്ടുവിളിക്കുന്ന ദേശവാസി ഇക്കാലത്ത്. ഭാഷ അതിലൊരു പ്രധാന ഘടകം മാത്രമായി നമ്മെ കോർത്തിണക്കുന്നുവെങ്കിലും.

 ഞാനോർക്കുന്നു പണ്ട് നോവലിസ്റ്റ്  കെ . സുരേന്ദ്രൻ കലാകൗമുദിയിൽ വായനക്കാർക്കുള്ള കത്തുകളിൽ എഴുതിയ ഒരു മറുപടി . അദ്ദേഹത്തിൻ്റെ സീതായനം എന്ന നോവൽ വന്നുകൊണ്ടിരുന്ന കാലമായിരുന്നു . തിരുവിതാംകൂറിലെ ഭാഷയിൽ സീത സംസാരിക്കുന്ന രീതിയിൽ ഇഷ്ടക്കുറവുകാണിച്ച് കത്തെഴുതിയ ഒരു അങ്ങാടിപ്പുറംകാരന് സുരേന്ദ്രൻ മറുപടി എഴുതി : ‘ ക്ഷമിക്കണം , അറിഞ്ഞില്ലായിരുന്നു  രാമനും സീതയും വള്ളുവനാട്ടുകാരായിരുന്നു”

ഇന്ന് അങ്ങനെയൊന്നുണ്ടാകില്ല. മലയാളത്തിന് മാനകമൂലം ഇല്ലാതായി.

ഈ ഭാഷയിൽ ഉണ്ടാകുന്ന നവോന്മേഷത്തെ കുറിച്ച് ഞാൻ പറഞ്ഞത്  നമ്മുടെ വൈജ്ഞാനിക മേഖലകളിലെ പുതിയ ചിന്തകൾ പ്രകാശിക്കപ്പെടാനുള്ള ശേഷി അത് നേടിയെടുക്കുന്നു എന്നതിലാണ് . ശാസ്ത്ര -ചരിത്ര രചനയിലെ പ്രപിതാമഹന്മാർ മണിപ്രവാളകാലം മുതൽ ഇങ്ങോട്ട് ചെയ്ത വലിയ സംഭാവനകളെ മനസാ സ്മരിച്ചുകൊണ്ടുതന്നെയാണ് ഞാൻ ഭാഷയിലെ നവോന്മേഷത്തിൽ ആഹ്ലാദചിത്തനാകുന്നത്. പുത്തൻ വിദ്യാഭ്യാസം തുറന്ന  ചിന്താലോകങ്ങളുടെ വെട്ടത്തിലും , ഭൂതകാലവിജ്ഞാനക്ഷേത്രങ്ങളിലെ ഇരുട്ടിലും ഒരേസമയം തെരയാനും പുതിയ കാഴ്ചകളിലേക്ക് നോട്ടങ്ങളെ നീട്ടാനും കഴിവുള്ള മലയാളികളാണ് , മലയാളിയല്ല നമ്മുടെ ഭാഷകളെ , ഭാഷയെയല്ല , ഇപ്പോൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് . ഒരു കാര്യം കൂടിപ്പറയാം . ഭാഷയെ ശക്തിപ്പെടുത്തുവാൻ ഉദ്ദേശിക്കപ്പെട്ടുണ്ടായ സ്ഥാപനങ്ങളിലൂടെയല്ല മലയാളികൾ ഇതുചെയ്യുന്നത്, അതിനുപുറത്തുള്ള ബഹുസ്വരതയിലാണ് എന്നതാണ് . ലോകമാതൃഭാഷാദിനത്തിന് എനിക്ക് പറയാനുള്ളത് ഇതാണ്.

എഴുത്തുകാരനും ചിന്തകനുമായ എം. എൻ. കാരശ്ശേരി സംസാരിക്കുന്നു.


എഴുത്തുകാരനും ചിന്തകനുമായ ഫാ. കെ.എം. ജോർജ് സംസാരിക്കുന്നു.

ആരോഗ്യവിദഗ്ദ്ധനും മുൻ വൈസ് ചാന്സലറുമായ ഡോ. ബി. ഇക്‌ബാൽ സംസാരിക്കുന്നു

നമ്മുടെ കുട്ടികൾ തെളിഞ്ഞ  മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും  ഭാഷയുടെ സൌന്ദര്യം ആസ്വദിക്കാനും മലയാളത്തിലെ ആത്മകഥകൾ ചെറുപ്പം മുതൽ വായിച്ച് തുടങ്ങണമെന്നു ആരോഗ്യവിദഗ്ദ്ധനും മുൻ വൈസ് ചാന്സലറുമായ ഡോ. ബി. ഇക്‌ബാൽ പറഞ്ഞു. മലയാളത്തിലെ ആത്മകഥകൾ ചെറുപ്പം മുതൽ കുട്ടികൾ വായിച്ച് തുടങ്ങണമെന്നും  മാതാപിതാക്കളും ബന്ധുക്കളും അദ്ധ്യാപകരും അതിനായി അവരെ പ്രോത്സാഹിപ്പിക്കണമെന്നും ഡോ. ഇക്‌ബാൽ പറഞ്ഞു.