ഇറാനിലെ സ്ത്രീകൾ: മതവും സ്വാതന്ത്രവും

0
48

2022 ഒക്ടോബർ 31 ന് ഡോ. എ.കെ രാമകൃഷ്ണന്‍ നടത്തിയ വക്കം മൗലവി സ്മാരകദിന പ്രത്യേക പ്രഭാഷണം

വക്കം മൗലവിയുടെ സ്ത്രീപ്രശ്നത്തോടുള്ള കാഴ്ചപ്പാട് വളരെ നിർണ്ണായകമായിരുന്നു. അത് എനിക്ക് ബോധ്യപ്പെട്ടത് വക്കം മൗലവിയുടെ ഒരു ലേഖനം വായിച്ചപ്പോഴാണ്. ഫെമിനിസത്തെ കുറിച്ച് മലയാളത്തിൽ ‍‍‍ഞാനും കെ.എം വേണുഗോപാലും കൂടി എഴുതാൻ ശ്രമിക്കുന്ന സന്ദർഭത്തിൽ, ഈ ഫെമിനിസം എന്ന വാക്ക് മലയാളത്തിൽ നേരത്തെ ആരാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന അന്വേഷണത്തിലൂടെയാണ് വക്കം മൗലവിയിൽ എത്തിച്ചേരുന്നത്. ‘ദീപിക’യിൽ തർജ്ജമ ചെയ്തുവന്ന ലേഖനത്തിൽ അദ്ദേഹം ‘വനിതാ സ്വാതന്ത്ര്യ വാദം’ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. സ്ത്രീ സ്വാതന്ത്ര്യ വാദവും സ്ഥിതി സമത്വ വാദവും പോലെയുള്ള പുതിയ ആശയഗതികൾ വളരുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് അത് സൂചിപ്പിക്കുന്നത്. ഫെമിനിസമെന്ന് ഇംഗ്ലീഷിൽ കൊടുത്തിട്ടുമുണ്ട്. ഒരുപക്ഷെ നമ്മൾ ഫെമിനിസമെന്ന വാക്ക് സെക്കുലർ ആയ ഇന്റലക്ച്വൽസിൽ നിന്നോ, അല്ലേങ്കിൽ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരിൽ നിന്നോ കേൾക്കുമെന്നാണ് വിചാരിക്കുന്നത്. പക്ഷെ അത് മൗലവിയിൽ നിന്നാണ് ആദ്യകാലത്തുതന്നെ നാം കേട്ടിട്ടുള്ളത് എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയായിട്ടാണ് എനിക്ക് തോന്നുന്നത്. ഒന്ന്, വക്കം മൗലവിയെ സംബന്ധിച്ചിടത്തോളം ഇരുപതുകളിലൊക്കെ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും വളർന്നു വരുന്ന സ്ത്രീപ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു എന്നാണെന്റെ വിശ്വാസം. അത് മൗലവിയുടെ തന്നെ അഫ്ഗാനിയിലും പ്രത്യേകിച്ച് മുഹമ്മദ് അബ്ദുവിലും ഒക്കെയുള്ള താൽപ്പര്യവുമായി ബന്ധപ്പെട്ട് കൂടിയാണ്. കാസിം അമീൻ 1899 ൽ ലിബറേഷൻ ഓഫ് വിമൻ എന്ന പുസ്തകം എഴുതി. അതിനുശേഷം ഈജിപ്തിൽ ഹുദാ ഷറാവിയുടെ നേതൃത്വത്തിൽ 1923 ലാണ് ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് യൂണിയൻ സ്ഥാപിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെക്കുറിച്ചുള്ള വാർത്തകളും ആശയങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണ് യഥാർത്ഥത്തിൽ ആ കാലത്ത് മൗലവി ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. സ്ത്രീകളും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ സമകാലികമായി ആലോചിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് ഇത്തരം വളരെ വിശാലമായിട്ടുള്ള അറിവുകളിൽ നിന്നാണ് എന്ന് വ്യക്തമായി തന്നെ മനസിലാവുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേരിൽ ഇങ്ങനെയൊരു പ്രഭാഷണം നടത്താൻ സാധിക്കുന്നത് വലിയൊരു കാര്യമായി തന്നെയാണ് തോന്നുന്നത്. സ്ത്രീ പ്രസ്ഥാനങ്ങൾ പൊതുവിൽ പാശ്ചാത്യമായിട്ടുള്ള സംഗതിയായാണ്, ഇസ്ലാമിക ലോകത്തോ നമ്മുടേത് പോലെയുള്ള നാടുകളിലോ ഒക്കെ പാശ്ചാത്യ ലോകത്തിന്റെ ഇമിറ്റേഷനായി വരുന്ന സംഗതിയാണ് എന്നൊക്കെയുള്ള ധാരണകൾ, അതിപ്പോഴും പ്രബലമായി നിൽപ്പുണ്ട്. അത്തരം ധാരണകൾ വക്കം മൗലവിയെ വായിക്കുമ്പോൾ തിരുത്തപ്പെടുന്നുണ്ട്. അത് കൂടുതലായ് മനസിലാക്കാനും അത്തരം ധാരണകളെ കൂടുതൽ അന്വേഷണങ്ങൾ കൊണ്ട് തിരുത്താനുമുള്ള പരിശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ശക്തമായി ഉണ്ടാവേണ്ടതാണ്.

ഇറാനിലെ സ്ത്രീകൾ ഇന്ന് തെരുവിൽ ഇറങ്ങുമ്പോൾ, അവരുടെ നേതൃത്വത്തിൽ ദേശവ്യാപകമായ വളരെ ശക്തിമത്തായ, ലോകം ശ്രദ്ധിക്കുന്ന ഒരു സമരം നടക്കുമ്പോൾ വലിയ അത്ഭുതമായാണ് പാശ്ചാത്യ ലോകത്തൊക്കെ നമ്മൾ കാണുന്നത്. സ്ത്രീകൾ ആദ്യമായി തെരുവിലിറങ്ങുന്നത് പോലെയുള്ള ധാരണയാണ് പലപ്പോഴും പല റിപ്പോർട്ടുകളും വായിക്കുമ്പോൾ കാണുന്നത്. ഇറാന്റെ ആധുനിക ചരിത്രത്തിൽ സ്ത്രീകൾ തെരുവിൽ ഇറങ്ങി സമരം നയിക്കുന്നതിന് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അവസാനം വിദേശ കമ്പനികൾക്ക് പുകയിലയുടെ കുത്തക അവകാശം കാജർ ഡൈനാസ്റ്റിയിൽപ്പെട്ട ഷാ കൊടുത്തതിനെതിരെ ‍ജനകീയമായ വലിയ പ്രതിഷേധങ്ങൾ നടക്കുകയുണ്ടായി (ടുബാക്കോ മൂവ്മെന്റ്). അതിൽ സ്ത്രീകൾ പങ്കാളികൾ ആയിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം ഏറ്റവും ശക്തമായി വന്നത് കോൺസ്റ്റിറ്റ്യൂഷ്ണൽ മൂവ്മെന്റിന്റെ സമയത്താണ്. ഭരണഘടനക്ക് വേണ്ടി ഇറാനിയൻ ജനത തെരുവിലിറങ്ങി ആവശ്യപ്പെടുന്നതാണ് 1906 മുതൽ 1911 വരെ നാം കാണുന്നത്. 1906 ലെ കോൺസ്റ്റിറ്റ്യൂഷ്ണൽ മൂവ്മെന്റിലാണ് സ്ത്രീകൾ ശക്തമായ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത്. സ്ത്രീകൾ പുരുഷൻമാർക്കൊപ്പം തുല്യ പൗരത്വം ഉള്ളവരാണെന്ന് തെരുവിലിറങ്ങി പ്രഖ്യാപിക്കുന്ന സന്ദർഭമായിരുന്നു അത്. ഇറാനിലെ രാജഭരണം ഒരു ഭരണഘടന രൂപീകരിക്കുമ്പോൾ അതിൽ ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്രമുണ്ടാകും, ഒരു പാർലമെന്റ് ഉണ്ടാക്കേണ്ടി വരും, ഇലക്ഷൻ നടത്തേണ്ടി വരും, ജനങ്ങൾക്ക് പൗരത്വത്തിന്റെ അടിസ്ഥാനത്തിൽ വോട്ടവകാശം നൽകേണ്ടി വരും. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വോട്ടവകാശം എന്നുള്ളത് ശക്തമായ അഭിപ്രായമായി മുന്നോട്ടുവരുകയും സ്ത്രീകൾ തെരുവിലിറങ്ങിയുള്ള സമരം നടത്തുക മാത്രമല്ല, പലപ്പോഴും അത്തരം സമരങ്ങളെ അടിച്ചമർത്തുന്ന സമയത്ത് സ്ത്രീകളുടെ നേതൃത്വത്തിൽ തന്നെ അണ്ടർ ഗ്രൗണ്ട് മൂവ്മെന്റ്സ് സംഘടിപ്പിക്കുകയുമുണ്ടായി.1906 കോൺസ്റ്റിറ്റ്യൂഷണൽ മൂവ്മെന്റിന്റെ സമയത്താകമാനം നമ്മൾ കാണുന്നൊരു സംഗതിയാണിത്. അതിൽ രണ്ട് പ്രസ്ഥാനങ്ങളുടെ പേര് വളരെ പ്രധാനമാണ്. ഒന്ന് ആസാദി-എ-സനാൻ, വിമൻസ് ഫ്രീഡം സൊസൈറ്റി എന്നൊക്കെയാണ് ഇംഗ്ലീഷിൽ സൂചിപ്പിക്കുക. സ്ത്രീകളുടെ സ്വാതന്ത്രത്തിന് വേണ്ടിയിട്ടൊരു സംഘടന. മറ്റൊരു സംഘടന അഞ്ചുമാൻ-എ-സനാൻ-എ നികാബ്പുഷ്, എന്നു പറഞ്ഞാൽ ഒരു മാസ്ക്ഡ് വിമൻസ് സൊസൈറ്റി. മാസ്ക്ഡ് എന്നുള്ളത് അണ്ടർഗ്രൗണ്ട് പ്രവർത്തനത്തിനെ സൂചിപ്പിക്കുന്നതാണ്. സ്ത്രീകളെ കേന്ദ്രീകരിച്ച് സ്ത്രീകൾക്കിടക്ക് ഭരണകൂടത്തിന്റെ സ്വഭാവത്തെ ശക്തമായി വിമർശിച്ചുകൊണ്ട് ജനകീയമായ പങ്കാളിത്തത്തിന് വേണ്ടിയിട്ടുള്ളൊരു സമരമായിരുന്നു അത്. അന്നുതൊട്ട് ഇന്നുവരെ ഒരു നൂറ്റാണ്ടിലേറെയായി സ്ത്രീകൾ തെരുവിലിറങ്ങി സമരം നടത്തുന്ന ചരിത്രമുള്ള ഒരു രാജ്യത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്റെ ചരിത്രമറിയുന്ന ആൾക്കാരെ സംബന്ധിച്ചിടത്തോളം ഇന്ന് ഇറാനിലെ സ്ത്രീകൾ തെരുവിലിറങ്ങുന്നത്, അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത് ഏറ്റവും പുതുമയുള്ള കാര്യമായിട്ടല്ല നമ്മൾ മനസ്സിലാക്കേണ്ടത്. മറിച്ച് പുതിയ സമരത്തിന് ഒരുപാട് പുതിയ ആശയഗതികളുടെ സ്വാധീനമുണ്ട്. പുതിയ സാഹചര്യത്തെ മനസിലാക്കാനും, മാറ്റിത്തീർക്കാനുമുള്ള അന്വേഷണത്തിന്റെ വലിയൊരു അന്തരാർത്ഥം അതിൽ നിശ്ചയമായിട്ടുമുണ്ട്. ഒരു തുടർച്ച അതിലുണ്ട്. മാറ്റത്തിന്റെ പുതിയ ആഹ്വാനങ്ങളും പുതിയ നാമ്പുകളും അതിലുണ്ട്.

ഇറാൻ വിപ്ലവം 1979 ൽ, അതിന് ശേഷം സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇസ്ലാമിക റിപ്ലബിക്ക്, അതിന്റെ നിയമ സംവിധാനങ്ങൾ, അതിന്റെ രാഷ്ട്രീയ സ്വാഭാവം, അത് ഇന്നും നിലനിർത്തുന്ന ഇൻസ്റ്റിറ്റ്യൂഷണലായിട്ടുള്ള അതിന്റെ ഘടന, അതിന്റെ സായുധ ശേഷി, അതിന്റെ പൊലീസിം​ഗ് രീതിക‌ൾ, ഇതൊക്കെ ശക്തമായി ഇന്നത്തെ സമരത്തിൽ മുന്നിട്ടുനിൽ‌ക്കുന്ന ചില പ്രധാന പ്രശ്നങ്ങളാണ്. വിപ്ലവം ഒരേ സമയത്ത് വലിയ ജനകീയ മുന്നേറ്റമായിരുന്നു,1978-79 കാലഘട്ടത്തിൽ. ഒരുപക്ഷെ ഇറാന്റെ ചരിത്രത്തിൽ അവിടെയുള്ള ജനതയുടെ, എല്ലാത്തലത്തിലുമുള്ള മനുഷ്യരുടെ പങ്കാളിത്തത്തോടു കൂടി നടത്തിയ ഒരു വിപ്ലവമായിരുന്നു അത്. അതിനെ പലപ്പോഴും ഇസ്ലാമിക വിപ്ലവമെന്ന് നാം വിളിക്കുന്നെങ്കിലും, ഇസ്ലാമിക നേതൃത്വം അതിന്റെ മുൻപന്തിയിൽ വന്നിരുന്നെങ്കിലും അന്ന് സെക്കുലറായിരുന്ന രാഷ്ട്രീയ പാർട്ടികൾ, ട്രേ‍ഡ് യൂണിയൻ പ്രസ്ഥാനങ്ങൾ, ശക്തമായ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ, എഴുപതുകളിൽ ഇറാനിൽ നിലവിലിരുന്ന ഓയിൽ വർക്കേഴ്സ് അവരെല്ലാം സമരത്തിൽ ചേർന്നതോടു കൂടിയാണ് വിപ്ലവം 1979 ൽ വിജയിക്കാൻ തന്നെ കാരണമെന്ന് നമുക്കറിയാം. ഇതെല്ലാം കാണിക്കുന്നത് വളരെ ശക്തമായിട്ടുള്ള ജനകീയ അടിത്തറ ആ വിപ്ലവത്തിനുണ്ടായിരുന്നു എന്നാണ്. പക്ഷെ അത്തരമൊരു ജനകീയ വിപ്ലവത്തെ എങ്ങനെ നോക്കി കാണണമെന്നതിനെക്കുറിച്ച് ലോകത്തെമ്പാടുമുള്ള സ്കോളേഴ്സിനെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു, എങ്ങനെയാണ് ഒരു റിലീജിയസ് നേതൃത്വത്തിലുള്ള വിപ്ലവത്തെ ആധുനിക കാലത്ത് മനസിലാക്കുകയെന്നത്. പ്രശസ്ത ഫ്ര‍ഞ്ച് ചിന്തകനായ മിഷേൽ ഫൂക്കോ ആ സമയത്ത് ഇറാൻ സന്ദർശിക്കുകയും വിപ്ലവത്തെ കുറിച്ചെഴുതുകയുമൊക്കെ ചെയ്തു. ‘ദി സ്പിരിറ്റ് ഓഫ് ദി സ്പിരിറ്റ്ലെസ് വേൾഡ്’ എന്നുള്ള അർത്ഥത്തിൽ മാർക്സിനെ ക്വോട്ട് ചെയ്തുകൊണ്ടാണ് ഫൂക്കോ ഇറാനിയൻ വിപ്ലവത്തെ കുറിച്ച് സംസാരിച്ചത്. മറ്റൊന്ന് ഷായുടെ വളരെ ശക്തിമത്തായ ഒരു രാജഭരണം, ഏകാധിപത്യ ഭരണം ഒരുവശത്ത്. അമേരിക്കൻ സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ കടന്നുകയറ്റം മറുവശത്ത്. ഷായും അമേരിക്കയും ഒന്നിച്ച് ചേർന്ന് ‍ജനങ്ങളെ ഷായുടെ രഹസ്യപൊലീസായ സവാക്കിനെ പോലുയുള്ള സംഘടനകളുപയേഗിച്ച് അടിച്ചമർത്തുന്നു. എണ്ണയിൽ നിന്നുള്ള വലിയ വരുമാനമുള്ള എഴുപതുകളിൽ അത് ജനങ്ങളിൽ താഴേക്കിടയിലേക്ക് എത്താതെയിരിക്കുന്നതിന്റെ വലിയ പ്രശ്നങ്ങൾ, ഷാ ഭരണത്തിന്റെ വലിയ തോതിലുള്ള അഴിമതി ഇതൊക്കെ പ്രശ്നവൽക്കരിച്ചുകൊണ്ടാണ് വിപ്ലവം നടക്കുന്നത്. മറ്റ് സെക്കുലർ പ്രത്യയശാസ്ത്രങ്ങൾ അത് ടൂദേ പാർട്ടിയെപ്പോലെയുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ, അതിൽ കൂടുതൽ ഇടതുപക്ഷത്ത് ഉണ്ടായിരുന്ന ഫെദയീൻ-എ-ഖൽക് പോലെയുള്ള സംഘടനകൾ ഇസ്ലാമിക് മാർക്സിസ്റ്റ് ധാരയിൽപ്പെട്ടിരുന്ന ഡോക്ടർ അലി ശരിഅത്തിയുടെ ഫോളോവേഴ്സ് ആണ്. ട്രേ‍ഡ് യൂണിയനുകൾ ഒക്കെ ഉണ്ടായിട്ടും ഒരു സ്പിരിറ്റ്ലെസ് വേൾഡിൽ സ്പിരിറ്റ് എന്നുള്ളത് പോലെ ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവായി മതം പ്രവർത്തിക്കുന്നു എന്നുള്ള മാർക്സിന്റെ വാക്യമുപയോഗിച്ചുകൊണ്ട് ഈ വിപ്ലവത്തെ മിഷേൽ ഫൂക്കോയൊക്കെ ചിത്രീകരിക്കുന്നതാണ് നാം കാണുന്നത്. ജനങ്ങളെ സംഘടിപ്പിക്കാൻ ഇസ്ലാമിന്റെ പ്രത്യയശാസ്ത്ര ഉപയോഗമെന്ന നിലക്ക് മാത്രമല്ല പള്ളികളും ഇസ്ലാമിക സ്ഥാപനങ്ങളും ഒക്കെ ഉപയോഗിച്ച് കൊണ്ട് വിപ്ലവത്തിന്റെ രൂപീകരണത്തിനുള്ള പ്രധാന സ്ട്രാറ്റെജിക്ക് ലോക്കേഷനായിട്ട് മാറുകയും ചെയ്യുന്ന പ്രതിഭാസം നാം എഴുപത്തിയേഴിലും എഴുപത്തിയെട്ടിലുമൊക്കെ കണ്ടതാണ്. അതിനപ്പുറം ഇസ്ലാമെന്നുള്ള മതാശയങ്ങളെ അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം, ഷിയ മുസ്ലീങ്ങൾ എന്ന നിലക്ക് ഷിയകളുടെ പ്രത്യേകമായ ഇസ്ലാമിക വീക്ഷണം ഇവയെ എങ്ങനെ പ്രായോഗികമായി ഒരു വിപ്ലവ പദ്ധതിയാക്കി മാറ്റാമെന്നുള്ള അന്വേഷണങ്ങളാണ് മുർതസാ മുതഹരിയെ പോലുള്ളവർ, ഡോക്ടർ അലി ശരിഅത്തിയെപോലുള്ളവർ ആയത്തുള്ള ഖുമൈനിയടക്കമുള്ളവർ ചെയ്തത് . അതിൽ പല ധാരകളുമുണ്ടായിരുന്നു. അതിൽ ഖുമൈനിയെ പോലുള്ളവരുടെ ആശയഗതികൾ ‘ഹുക്കുമത്തെ ഇസ്ലാമി’ (ഇസ്ലാമിക് ഗവൺമെന്റ്) എന്ന രീതിയിൽ ജൂറിസ്പ്രുഡന്റിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണമെന്ന ആശയഗതിക്ക് മുൻ‌തൂക്കം ലഭിക്കുന്ന കാര്യം അവിടെ കാണുന്നു. പക്ഷെ വിപ്ലവത്തിന് ജനങ്ങളെ ഒരുക്കിയിട്ടുള്ളത് ഡോക്ടർ ശരിഅത്തിയാണ്. അദ്ദേഹത്തിന്റെ ഫാത്തിമയെ കുറിച്ചുള്ള പുസ്തകം, ഇസ്ലാമിലെ സ്ത്രീകളെക്കുറിച്ച് ഇറാനിലെ സ്ത്രീകളോട് സംവദിക്കുന്നത്, ഇസ്ലാമിന്റെ ചരിത്രത്തിൽ നിന്ന് സ്ത്രീകളുടെ ഉദാഹരണങ്ങൾ മുന്നോട്ടുവെച്ച് എങ്ങനെ പുതിയ രീതിയിലുള്ള വിപ്ലവബോധം ഉണ്ടാക്കണമെന്നുള്ളതാണ്. ആയത്തുള്ള മുർദാ സമുദാരിയെപോലുള്ള ആൾക്കാർ കുറേക്കൂടി കൺസർവേറ്റീവായിട്ടുള്ള ഒരു ചിന്തയാണ് മുന്നോട്ടുവയ്ക്കുന്നത്. കാരണം സ്ത്രീകളുടെ കാര്യത്തിൽ ഒരു പബ്ലിക്ക്-പ്രൈവറ്റ് ഡൈക്കോട്ടമി ആശയപരമായിട്ട് തന്നെ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. അത് ഒന്നിച്ച് കാണേണ്ടതല്ലെന്നും അതുകൊണ്ടുതന്നെ സ്ത്രീകളുടെ പൊതു സമൂഹത്തിലുള്ള പെരുമാറ്റം എന്നുള്ളത് നിയന്ത്രണ വിധേയമാണെന്നും, പ്രൈവസിയും പൊതു ഇടപെടലും കൂട്ടി കുഴക്കാൻ സാധിക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ നിലപാട്, ആ നിലപാടിന് ശക്തമായിട്ടുള്ള സ്വാധീനം ഇസ്ലാമിക റിപ്പബ്ലിക്കിൽ കിട്ടിയിട്ടുണ്ടായിരുന്നു എന്നതും വളരെ പ്രധാനമാണ്.

ഇന്നത്തെ സ്ത്രീകളുടെ പ്രസ്ഥാനങ്ങളെ, സമരങ്ങളെ മനസിലാക്കാൻ ഈ റെവല്യൂഷൻ വളരെ മുഖ്യമായിട്ടുള്ള സംഗതിയാണ്. ഈ വിപ്ലവത്തിൽ സ്ത്രീകൾ-വളരെ പാശ്ചാത്യവത്കൃതമെന്നൊക്കെ നാം വിളിക്കുന്ന ആധുനിക ഡ്രസിങ് പാറ്റേൺ ഒക്കെ ഫോളോ ചെയ്തിരുന്ന ധാരാളം സ്ത്രീകൾ പ്രത്യേകിച്ചും നഗരവാസികളായിട്ടുള്ള സ്ത്രീകൾ- അവരിൽ പലരും തന്നെ ഹിജാബും ചിലപ്പോൾ നിക്കാബ്, ചാദർ ഉപയോഗിക്കുന്ന രീതി വിപ്ലവത്തിന്റെ സമയത്ത് കാണാൻ സാധിക്കും. ഒരു വിധത്തിൽ അമേരിക്കൻ ഇംപീരിയലിസത്തേയും ഷായുടെ പ്രവർത്തനങ്ങളേയും സാംസ്കാരികമായി വിമർശിക്കുന്നതിന്റെ ഭാഗമായാണ് ഞങ്ങളിത് ചെയ്യുന്നതെന്ന പ്രഖ്യാപനത്തോടു കൂടിയാണ് പലപ്പോഴും ഇത് നടക്കുന്നത്.‌ വിപ്ലവത്തിന് ശേഷം, ഇസ്ലാമിക റിപ്ലബിക്ക് സ്ഥാപിച്ചതിന് ശേഷം പലപ്പോഴും ഈ വസ്ത്രം മാറ്റി വേറെ വസ്ത്ര സ്വീകരണത്തിലേക്ക് പോകാനുള്ള അവസരം, പ്രത്യേകിച്ച് 82ന് ശേഷം അവർക്ക് ലഭ്യമായിട്ടില്ല. ആദ്യ വർഷങ്ങളിൽ 79 മുതൽ 82 വരെ ഒക്കെ ഒരു ഫ്ലക്സിലായിരുന്നു കാര്യങ്ങൾ. പക്ഷെ ഇറാൻ- ഇറാഖ് യുദ്ധം തുടങ്ങിയ ശേഷം ശക്തമായ രീതിയിലുള്ള കൺസർവേറ്റീവ് എലമെന്റ്സിന്റെ സ്വാധീനം വർദ്ധിച്ചു. സുപ്രീം ലീ‍ഡർ എന്ന നിലക്ക് ഇസ്ലാമിക റിപ്പബ്ലിക്കിൽ ആയത്തുള്ള ഖുമൈനിയുടെ തന്നെ സ്വാധീനം വർദ്ധിച്ചപ്പോൾ സ്വാഭാവികമായിട്ടും സ്ത്രീകളുടെ വസ്ത്രധാരണ അവകാശത്തിൻ മേൽ വലിയ തോതിലുള്ള കൈകടത്തലുണ്ടാവുകയും അതിനുവേണ്ടി നിയമവും ഉണ്ടാക്കിയെന്നുള്ളതുമാണ്. ആ നിയമം നടപ്പാക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും അത്തരം ഒരു പൊലീസിം​ഗ് സംവിധാനമാണ് യഥാർത്ഥത്തിൽ മഹ്സാ അമിനിയെന്ന 22 വയസുകാരിയെ കൊല്ലുന്നതിലേക്ക് കാര്യങ്ങളെ നയിച്ചത്.

ഈ ഇസ്ലാമിക റിപ്ലബ്ബിക്കിന്റെ ഭരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവരുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കൈ കടത്തൽ നല്ലവണ്ണമുണ്ടായിട്ടുണ്ട് എന്നുള്ളതിൽ ആർക്കും തർക്കമൊന്നുമില്ല. പക്ഷെ വളരെ താഴെക്കിടയിലുള്ള ഗ്രാമീണരായിട്ടുള്ള മുസ്ലീം സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് വളരെ കൺസർവേറ്റീവായിട്ടുള്ള ജീവിതരീതികൾ അവലംബിക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ ഭരണ സംവിധാനം, ആ വസ്ത്രധാരണ രീതിയടക്കം പുതിയ അവസരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് എന്നുള്ളത് വൈരുദ്ധ്യമായി തോന്നാം. ഇസ്ലാമിക റിപ്പബ്ലിക്ക് സ്ഥാപിക്കുമ്പോൾ, ഷായുടെ ഭരണം അവസാനിക്കുമ്പോൾ 45 ശതമാനം ആയിരുന്നു സ്ത്രീ വിദ്യാഭ്യാസം. അത് 80 ശതമാനത്തിലേക്കും 90 ശതമാനത്തിലേക്കുമൊക്കെ വലിയ കുതിച്ച് ചാട്ടം നടത്തുന്നത് ഇസ്ലാമിക റിപ്ലബിക്കിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. ആ റിപ്ലബിക്കിന്റെ പ്രവർത്തനങ്ങളെ മനസ്സിലാക്കുമ്പോൾ പലപ്പോഴും ഇത് ഇന്നുള്ള സംഭാഷണങ്ങളിൽ പൊളിറ്റിക്കലി കറക്ടായിട്ടുള്ള ഒരു സ്റ്റാറ്റിസ്റ്റിക്സ് ആയിരിക്കുകയില്ല. പക്ഷെ അത് യാഥാർത്ഥ്യം കൂടിയാണ്. കാരണം ഗ്രാമപ്രദേശങ്ങളിലൊക്കെയുള്ള സ്ത്രീകളെ സംബന്ധിച്ചിടത്തോളം നഗരങ്ങളിലുള്ള-പ്രാദേശിക നഗരങ്ങളിലാണെങ്കിലും, ടെഹറാനിൽ തന്നെയാണെങ്കിലും-ഒക്കെ വന്ന് യൂണിവേഴ്സിറ്റികളിലൊക്കെ പഠിക്കാനുള്ള, അവരുടെ വസ്ത്രധാരണ രീതി തന്നെ ഫോളോ ചെയ്ത് പഠിക്കാനുള്ള സാഹചര്യം ഉണ്ട് എന്നുള്ള മനസ്സിലാക്കലിൽ നിന്നാണ്. അതുകൊണ്ട് പെൺകുട്ടികളെ പഠിക്കാനയക്കാൻ കുടുംബങ്ങൾ തയ്യാറാകുന്നു എന്നുള്ളതുകൂടി സ്ത്രീ വിദ്യാഭ്യാസത്തിനുള്ള സൗകര്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ തന്നെ പ്രവർത്തനം വളരെ വൈരുദ്ധ്യാത്മകമായിട്ടുള്ള സ്ഥിതിവിശേഷമാണ് സംജാതമാക്കിത്‍. സ്ത്രീ വിദ്യാഭ്യാസത്തിൽ വൻ തോതിലുള്ള കുതിച്ചു ചാട്ടം വരുകയും സ്ത്രീ സ്വാതന്ത്ര്യത്തെ അങ്ങേയറ്റം പരിമിതപ്പെടുത്തുകയും ചെയ്യുക. ഇതാണ് ഇസ്ലാമിക വിപ്ലവത്തിന് ശേഷം വന്നിട്ടുള്ള ഭരണകൂടത്തിന്റെ നയങ്ങളിൽ നിന്ന് ലഭ്യമാകുന്ന സംഗതി. അത് മനസിലാക്കിക്കൊണ്ട് മാത്രമേ നമുക്ക് ഇന്നത്തെ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന ശക്തമായ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് മനസിലാക്കാൻ സാധിക്കൂ.

ഈ ചരിത്രമൊരു വശത്ത്, അത് കൂടുതലും രാഷ്ട്രീയ ചരിത്രമാണ്. പക്ഷെ മതവും രാഷ്ട്രീയവും ഏതൊക്കെയോ വിധത്തിൽ കൂടിച്ചേരുന്ന ചരിത്രവുമാണ്. മറ്റൊരു വശത്ത് സ്ത്രീകളുടെ തന്നെ സംഘാടനം, അവരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണങ്ങൾ, ഇവ മതനിഷേധമെന്നുള്ള നിലക്ക് മാത്രമല്ല ഇറാനിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ കണ്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് നാമിന്ന് വിവക്ഷിക്കുന്ന ഇസ്ലാമിക ഫെമിനിസം എന്ന് പറയുന്ന സംഗതി ഏറ്റവും ശക്തമായി സംസാരിക്കപ്പെട്ടിട്ടുള്ള അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ മുന്നിലേക്ക് കൊണ്ടുവരപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ വളരെ നേരത്തെയുള്ള ഒരു ഉദാഹരണമാണ് ഇറാൻ. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇസ്ലാമിക ഫെമിനിസ്റ്റ് നിലപാടുകൾ കൂടുതൽ ശക്തിപ്പെടുകയുണ്ടായി. അങ്ങനെയുള്ള നിലപാടുകളുടെ അന്തർധാരകളെ കുറിച്ച് ഞാൻ കൂടുതൽ വിശദീകരിക്കുന്നില്ല. ഇസ്ലാമികമായിട്ടുള്ള ഖുറാനും ഹദീസുമൊക്കെ ആണെങ്കിലും ഇസ്ലാമിക് ട്രഡിഷൻ എന്നുള്ളത് തന്നെ ആകുന്നു, പ്രത്യേകിച്ച് ഇറാന്റെ കാര്യത്തിൽ അത് ഷിയാ ട്രഡിഷൻ, അവയൊക്കെ ഒരു ഫെമിനിസ്റ്റ് വായനക്ക് വിധേയമായിട്ടുണ്ട്. വക്കം മൗലവിക്കുമൊക്കെ വളരെ പ്രധാനമായിരുന്ന ഇജ്തിഹാദ് എന്നുള്ള ആ സങ്കൽപ്പത്തെ-ഇന്റർപ്രട്ടേഷൻ ഓഫ് ടെക്സ്റ്റ് ത്രൂ ദി ആപ്ലിക്കേഷൻ ഓഫ് ഹ്യൂമൺ റീസൺ എന്ന് പറയുന്നത്-അത് ഇറാനിലെ ഇസ്ലാമിക് ഫെമിനിസ്റ്റുകൾ നല്ലവണ്ണം പ്രയോജനപ്പെടുത്തി. അതിന്റെ ഫലമായി വിശ്വാസികളായി ഇരുന്നുകൊണ്ടുതന്നെ ഭരണകൂടത്തെ വിമർശിക്കാനും, സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാനും, ഭരണകൂടത്തിന്റെ വലിയ തോതിലുള്ള അടിച്ചമർത്തലുകൾക്കെതിരെ നിലപാടെടുക്കാനും ഇറാനിലെ ഫെമിനിസ്റ്റുകൾക്ക് വൻ തോതിൽ സാധിച്ചിരിന്നുവെന്നുള്ളതാണ് യാഥാർത്ഥ്യം. പലപ്പോഴും മറ്റിടങ്ങളിലെ നമ്മുടെയോ, പാശ്ചാത്യ നാടുകളിലൊക്കെയുള്ള സ്ത്രീ പ്രസ്ഥാനങ്ങളുടെ അനുഭവം വെച്ച് മാത്രം ഇറാനിലെ സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രത്തെയും പ്രവർത്തനത്തേയും മനസിലാക്കാൻ സാധിച്ചെന്ന് വരില്ല. ഇതൊരു നിർണ്ണായകമായിട്ടുള്ള മാറ്റമായിരുന്നു. ഖാതമി പ്രസിഡന്റ് ആയിരുന്ന സമയത്താണ് ആദ്യമായി ഒരു സ്ത്രീ ഇറാനിൽ വൈസ് പ്രസിഡന്റ് ആകുന്നത്. പിന്നീട് റൂഹാനിയുടെ സമയത്തും അവർ വൈസ് പ്രസിഡന്റ് ആവുകയുണ്ടായി. ഇറാനിലെ വിപ്ലവത്തിന് ശേഷമുള്ള രാഷ്ട്രീയ പ്രക്രിയകളെ പലപ്പോഴും റിഫോമിസ്റ്റുകളും കൺസേർവേറ്റീവ്സുമായിട്ടുള്ള ഒരു സമരമായി വ്യാഖ്യാനിക്കാറുണ്ട്.

ഇസ്ലാമിക വിപ്ലവം കഴിഞ്ഞ ഉടനെ തന്നെ ആയത്തുള്ള ഖുമൈനിയുടെ സ്വാധീനത്തോടെ ഒരു കോൺസ്റ്റിറ്റ്യൂഷൻ ഉണ്ടാക്കിക്കിയാണ്, ഇസ്ലാമിക് റിപ്ലബ്ലിക്കായി അത് മാറിയത്. പക്ഷെ സ്ത്രീകളുടെ വോട്ട് വളരെ നിർണ്ണായകമായിരുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇലക്ട് ചെയ്തത് സെക്കുലർ ആയ ഫ്ര‍ഞ്ച് എഡ്യുക്കേറ്റഡായ ഒരു ഇക്കോണമിസ്റ്റിനെയാണ്. അബു ഹസൻ ബനിസദറിനെ. ഇസ്ലാമിക് റിപ്ലബിക്കിന്റെ ആദ്യ പ്രസിഡന്റ് ഒരു സെക്കുലർ ഇക്കണോമിസ്റ്റായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജനങ്ങൾ എത്ര കണ്ട് ഖുമൈനിയുടെ ആശയഗതിയിലേക്ക് മാറിയിട്ടുണ്ടെന്നതിനുള്ള മെഷറായിരുന്നു അത്. അത്ര കണ്ട് മാറിയിട്ടില്ല തുടക്ക കാലത്ത്. പക്ഷെ അതിന് ശേഷം അദ്ദേഹത്തെ പുറത്താക്കുകയും പിന്നീട് വന്ന പ്രസിഡന്റുകൾ, അതിൽ മുഖ്യമായിട്ടുള്ള ഒരാളാണ് ഇന്നത്തെ സുപ്രീം ലീഡറായിട്ടുള്ള അലി ഖാംനഇ. ആയത്തുള്ള ഖുമൈനി 79 ലെ ഇസ്ലാമിക വിപ്ലവത്തിന്റെ നേത്യത്വം തൊട്ട് അദ്ദേഹത്തിന്റെ മരണം വരെ, 80 കളുടെ അവസാനം വരെ അദ്ദേഹം തന്നെയായിരുന്നു സുപ്രീം ലീഡർ. അതിനുശേഷം ആയത്തുള്ള മുൻതസരിയെ ലീഡർ ആക്കുമെന്നൊക്കെയുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവസാനം ഖുമൈനിക്ക് ശേഷമുള്ള സുപ്രീം ലീഡറായി അലി ഖാംനഇയെ നിർദ്ദേശിക്കുകയാണ് ചെയ്തത്. അലി ഖാംനഇ, അന്ന് ഞാനൊക്കെ ഇറാനെ പറ്റി പഠിക്കുന്ന കാലത്ത് ഹുജത്തുൾ ഇസ്ലാമായിരുന്നു. ആയത്തുള്ള പോലും ആയിട്ടില്ല. ഒരു ജൂനിയർ ക്ലറിക്കായിരുന്നു. അദ്ദേഹത്തെ പെട്ടെന്ന് ആയത്തുള്ള ആക്കി, സുപ്രീം ലീഡർ ആക്കി മാറ്റുകയാണ് ഖുമൈനിയുടെ അവസാന കാലം ചെയ്തത്. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിലും സീനിയർ ആയിട്ടുള്ള റിലീജയസ് ആൾക്കാരുണ്ട്, ആയത്തുള്ളമാരുണ്ട്. സീനിയർ ആയിട്ടുള്ള പൊളിറ്റീഷ്യൻസുണ്ട്. അലി ഖാംനഇ വളരെ ലെജിറ്റിമേറ്റ് ആയിട്ട് എല്ലാവരും അംഗീകരിക്കുന്ന നേതാവ് എന്ന നിലക്കല്ല ഇറാനിലെ എല്ലാ വിഭാഗങ്ങളും കണ്ടിരുന്നത്. അത് ഇന്നത്തെ സമരത്തിന് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാരണം ഇദ്ദേഹവും ഇദ്ദേഹത്തിന്റെ മകൻ മുസ്തഫ ഖാംനഇയെ പുതിയ ലീഡർ ആക്കാനുള്ള പരിശ്രമമൊക്കെ നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമാണ്. അദ്ദേഹത്തിന്റെ പിൻഗാമിയായി ഈ മകനേയും പെട്ടെന്ന് തന്നെ അയത്തുള്ളയാക്കി മാറ്റുകയാണ് ഇപ്പോൾ‌ ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ മുദ്രാവാക്യങ്ങളിൽ അലി ഖാംനഇയെ കുറിച്ചുള്ള വിമർശനങ്ങളും മകനെ വാഴിക്കാനുള്ള പരിശ്രമങ്ങൾക്കെതിരെയുള്ള മുദ്രാവാക്യങ്ങളും കാണാവുന്നതാണ്. കാരണം ഇസ്ലാമിക റിപ്പബ്ലിക്കിനെ അലി ഖാംനഇയെപ്പോലുള്ള ആൾക്കാരുടെ, വളരെ കൺസേർവേറ്റീവായിട്ടുള്ള ആൾക്കാരുടെ ഭരണത്തെ തന്നെ നിലം പതിപ്പിക്കുകയെന്നുള്ള രീതിയിലാണ് ഇന്നത്തെ സമരത്തിന്റെ മുഖ്യമുദ്രാവാക്യം വരുന്നത്. സ്ത്രീകളുടെ അവകാശം അവരുടെ വസ്ത്രധാരണ അവകാശം, സ്ത്രീകളുടെ പൊതുവിലുള്ള സാമൂഹിക രാഷ്ട്രീയ അവകാശം, അതിനെ മുൻ നിർത്തിക്കൊണ്ട് മുന്നോട്ടുവരുന്ന ഈ സമരത്തിൽ രാഷ്ട്രീയമായിട്ടുള്ള വലിയ ചോദ്യങ്ങൾ തന്നെയാണ് ഉയർത്തുന്നത്. അത് ഇസ്ലാമിക റിപ്പബ്ലിക്ക് എന്നുള്ളത് നിലനിൽക്കണമോ വേണ്ടയോ എന്നുള്ളതാണ്. അത് ഈ വിധത്തിൽ നിലനിൽക്കാൻ ഒരു കാരണവശാലും സാധിക്കില്ല എന്നുള്ളതും അതിനെ നിശിതമായി വിമർശിക്കുന്നു എന്നുളളതുമാണ് ഇന്ന് നടക്കുന്ന സമരത്തിന്റെ മുഖ്യമായിട്ടുള്ള രാഷ്ട്രീയ അജണ്ടയായി നാം കാണേണ്ടത്. ഒരേ സമയത്ത് സ്ത്രീകളുടെ അവകാശങ്ങൾ, രാഷ്ട്രത്തിന്റെ തന്നെ ഭാവി, ദേശമെന്നുള്ള സങ്കൽപ്പം, ജൻഡർ എന്നുള്ളതും ദേശമെന്നുള്ളതും മതമെന്നുള്ളതും ഒക്കെ കൂടികലർന്നുള്ള സാധ്യതകളെ പരിശോധിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന നിർണ്ണായകമായിട്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമാണ് ഇന്നത്തെ സമരം നടത്തുന്നത്.

സെപ്റ്റംബർ 13ന് ആണ് മഹ്സ അമിനിയുടെ കൊലപാതകം നടക്കുന്നത്. കഴി‍ഞ്ഞ ദിവസമായിരുന്നു അവരുടെ മരണത്തിന്റെ 40-ാം ദിവസം. കുർദിഷ് പ്രദേശത്ത് നിന്നുള്ള ഒരു യുവതിയാണ് അവർ. അവരെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്ത് പതിനായിര കണക്കിന് മനുഷ്യരാണ് 40-ാമത്തെ ഓർമ്മ ദിവസം ഒത്തുകൂടിയത്. മരണത്തിന്റെ 40-ാം ദിവസം ഒത്തുകൂടുന്നത് ഇറാനിയൻ വിപ്ലവത്തിന്റെ 78-79 കാലത്തെ സമരത്തിലും വളരെ മുഖ്യമായിരുന്നു. ഷായുടെ സവാക്കിന്റയും പട്ടാളത്തിന്റെയും ഒക്കെ വെടിയേറ്റ് മരിക്കുന്ന ജാലി സ്ക്വയറിലൊക്കെ (ഇന്നത് ഷഹദത് സ്ക്വയറാണ്) കൊല ചെയ്യപ്പെട്ട മനുഷ്യരുടെ വിലാപയാത്രകൾ, അവരുടെ മയ്യത്ത് എടുത്തുള്ള പ്രകടനങ്ങൾ, മരണത്തിന്റെ നാൽപ്പതാം ദിവസമുള്ള ഒത്തുചേരലുകളൊക്കെ വലിയ രാഷ്ട്രീയ പ്രവർത്തനമായി, മതപരമായിട്ടുള്ള ചടങ്ങുകളുടെ ഭാഗമെന്ന് മാത്രമല്ലാതെ അത് രാഷ്ട്രീയമായിട്ടുള്ള സംഘാടനത്തിനുള്ള പ്രധാന ഉപാധിയായി ഇറാൻ വിപ്ലവത്തിന്റെ കാലത്തുപയോഗിച്ചു. അത്തരമൊരു പ്രവണത ഇപ്പോൾ നടക്കുന്ന സമരത്തിൽ കാണാൻ സാധിക്കുന്നു. 250 പേരോളം വെടിവെച്ച് കൊന്നു. പല ഇറാനിയൻ‌ നഗരങ്ങളിലും ചില ഗ്രാമപ്രദേശങ്ങളിലും ഒക്കെ ഇത്തരത്തിലുള്ള കൂട്ടിച്ചേരലുകൾ ഇന്ന് നടക്കുന്നുണ്ട്. മഹ്സ അമിനിയുടെ ഖബറിന്റെ ചുറ്റും ഒത്തുകൂടിയത് റിപ്പോട്ടേഴ്സ് കവർ ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാൽ മറ്റ് ഒത്തുകൂടൽ അങ്ങനെ കവർ ചെയ്യപ്പെടുന്നില്ല. വിപ്ലവത്തിന്റെ സമയത്ത് നടക്കുന്ന പ്രക്രിയകളും ഇപ്പോൾ നടക്കുന്ന സമരത്തിന്റെ സമയത്ത് നടക്കുന്ന പ്രക്രിയകളും തമ്മിലുള്ള ചില സമാനതകളാണ് അത് കാണിക്കുന്നത്.

മറ്റൊന്ന് ഇറാനിയൻ വിപ്ലവത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സമയത്ത് ഏറ്റവും ശക്തമായി ജനങ്ങൾ തെരുവിലിറങ്ങിയത്, ഇസ്ലാമിക്ക് റിപ്പബ്ലിക്കിന്റെ പൊതുധാരക്കെതിരെ സമരത്തിനിറങ്ങിയത്, റിഫോമിസ്റ്റുകളെന്ന് വിളിക്കുന്ന വിഭാഗത്തിന്റെ നേത‍ൃത്വത്തിലിറങ്ങിയത് 2009 ൽ ഇറാൻ പ്രസിഡൻഷ്യൽ ഇലക്ഷന് ശേഷമാണ്. ഗ്രീൻ മൂവ്മെന്റ് എന്നറിയപ്പെടുന്ന പ്രസ്ഥാനം-അത് അഹമ്മദി നെജാദിന്റെ ഇലക്ഷനുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് ഉയർന്നുവന്നത്-റിഫോമിസ്റ്റ് കാൻഡിഡേറ്റ് മൂസവി പരാ‍ജയപ്പെടുകയും മൂസവിയും കറൂബിയും ഒക്കെ പോലുള്ള നേതൃത്വങ്ങൾ മുന്നോട്ടുവരുകയും ഈ ഇലക്ഷനെ തന്നെ ചല‍ഞ്ച് ചെയ്ത് സമരം ഉണ്ടാവുകയുമായിരുന്നു. ആ സമരം വളരെ വിശാലമായിട്ടുള്ള വലിയൊരു സമരമായിരുന്നു. പക്ഷെ ഗ്രീൻ മൂവ്മെന്റിന്റെ ഒരു സ്വഭാവം അത് കൂടുതലും നഗര കേന്ദ്രീകൃതമായിരുന്നു എന്നതാണ്. വൻ നഗരം മാത്രമല്ല ചില ചെറിയ നഗരങ്ങളിലും സമരം ശക്തമായിരുന്നു. അതിനെ ഒതുക്കുന്നതിന് അലി ഖാംനഇയെടു നേതൃത്വത്തിലുള്ള ഗവൺമെന്റിന് സാധിച്ചു. കൺസർവേറ്റീവായിട്ടുള്ള ശക്തികളെ ഖാംനഇയുടെ നേതൃത്വം-പ്രത്യേകിച്ച് ഐ.ആർ.ജി.സി (റവല്യൂഷണറി ​ഗാർഡ്) പോലുള്ള പട്ടാള ശക്തികളെ ഉപയോഗിച്ചുള്ള അടിച്ചമർത്തൽ-വളരെ ശക്തമായി അടിച്ചമർത്താൻ ഉപയോ​ഗിക്കുകയും അതിൽ അവർ വൻ തോതിൽ വി‍‍ജയിക്കുകയും ചെയ്തു. ഇന്നുമതുകൊണ്ട് തന്നെ ഇസ്ലാമിക്ക് റിപ്പബ്ലിക്കിന്റെ ഭരണവ്യവസ്ഥയിൽ കുറേക്കാലമായി വിപ്ലവത്തിന് ശേഷമുള്ള ജനാധിപത്യ ശക്തികളെ-ഫോർവേഡ് ലുക്കിങ്ങ് ആയിട്ടുള്ള റിഫോംസ് ആവശ്യപ്പെടുന്ന അത്തരം ശക്തികൾ എന്നും സമരം ചെയ്തിട്ടുണ്ടെങ്കിലും-അതിനെയൊക്കെ ഒതുക്കാനും അധികാരം യാഥാസ്ഥിതിക വിഭാഗത്തിന്റെ കയ്യിൽ തന്നെ നിലനിർത്താനും ഇറാൻ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വർഗ പ്രശ്നവും യഥാർത്ഥത്തിലുണ്ട്. ഒന്ന് പലപ്പോഴും വളരെ കൺസർവേറ്റീവായിട്ടുള്ള, സാധാരണ തൊഴിൽ ചെയ്യുന്ന മനുഷ്യരുമൊക്കെയടങ്ങുന്ന ഇറാനിലെ വലിയൊരു വിഭാഗം ഗ്രാമീണർ ഈ റിഫോമിസ്റ്റുകളുടെ അവകാശ വാദങ്ങൾ പലപ്പോഴും മിഡിൽ ക്ലാസും അതിന് മേലെയുള്ളവരുടെ അവകാശവാദങ്ങളായിട്ടാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ പലഭാഗത്ത് നിന്ന് കൺസേർവേറ്റീവായിട്ടുള്ള ശക്തികൾ വലിയ തോതിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുകയും അവർ വലിയ തോതിൽ വിജയിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമുണ്ട്. അതിപ്പോഴും നിലനിൽക്കുന്നുണ്ട്. അതിന് ഈ സമരത്തിലൂടെ എന്തെങ്കിലും മാറ്റം വരുമോ എന്നുള്ളത് നമ്മൾ കണ്ടുതന്നെ അറിയേണ്ടതാണ്.

ഇറാൻ ആണവ ഡീൽ പോലെയുള്ള സംഗതികൾ റൂഹാനിയെ പോലെയുള്ള ഒരു റിഫോമിസ്റ്റ് പ്രസിഡന്റുമായിട്ടുണ്ടാക്കിയിട്ടുള്ളതാണ്. ഖാതമി നേരത്തെ ആഹ്വാനം ചെയ്ത സാമൂഹികമായിട്ടുള്ള മാറ്റങ്ങളൊന്നും ഒരു പരിധിക്കപ്പുറം മുന്നോട്ടുപോയിട്ടില്ല. ഈ ആണവ ഡീൽ ട്രംപ് അധികാരത്തിൽ വന്നപ്പോൾ ഇല്ലാതാക്കി. അത്തരം കാര്യങ്ങളിലും റിഫോമിസ്റ്റുകൾക്ക് മുന്നോട്ടുപോകാൻ സാധിക്കാതെയിരിക്കുകയും ഗ്രീൻ മൂവ്മെന്റ് സമയത്തെ ഇലക്ഷൻ ചലഞ്ച് ചെയ്തതും അത് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ ഇരിക്കുകയും ചെയ്തത് റിഫോമിസ്റ്റുകളെ സംബന്ധിച്ചിടിത്തോളം നിരന്തരം പരാജയം ഏറ്റുവാങ്ങേണ്ട ഒരു സ്ഥിതി വിശേഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. വർഗപരമായി ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ ഉണ്ടാവുന്നത് 2017 ലെ പ്രൊട്ടസ്റ്റിന്റെ സമയത്താണ്. പ്രത്യേകിച്ച് 2019 ലെ വലിയതോതിലുള്ള രാജ്യവ്യാപകമായിട്ടുള്ള സമരങ്ങളുടെ പശ്ചാത്തലത്തിൽ അവിടെ സാധാരണക്കാരായ മനുഷ്യർ തെരുവിലിറങ്ങുകയും വില വർധനവിനെതിരെ, സാമ്പത്തികമായിട്ടുള്ള വലിയ ഇടിവിനെതിരെ ഇറാനിൽ നിരന്തരമായി സമരം നടന്നുകൊണ്ടിരുക്കുകയും ചെയ്തു. വലിയ സാമ്പത്തിക പ്രതിസന്ധിയുടെ സന്ദർഭത്തിൽ വേതന സംരക്ഷണത്തിന്, നിലനിൽപ്പിനായുള്ള സമരം നടത്തുന്ന സ്ഥിതിവിശേഷം നമ്മൾ അവിടെ കണ്ടതാണ്. ശുഭോദർക്കമായിട്ടുള്ള ഒരു സംഗതി ഇന്നത്തെ സമരത്തിന്റെ സമയത്ത് നാം കാണുന്നത് നേരത്തെയുള്ള ഈ വിഭജനം-ഗ്രാമവും നഗരവും തമ്മിലുള്ള ഈ വിഭജനം, മധ്യവർഗവും ഏറ്റവും പിന്നോക്കമായിട്ടുള്ള വർക്കിങ് ക്ലാസും തമ്മിലുള്ള വിഭജനം-ഇതിനൊക്കെ കുറുകെയുള്ള എല്ലാ വിഭാഗം ജനങ്ങളും തെരുവിലിറങ്ങുന്ന ഒരു സ്ഥിതി വിശേഷം ഇറാനിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നു എന്നതാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നിദാനങ്ങളായി സൂചിപ്പിക്കാനുള്ളത് ഈസ്റ്റേൺ ഇറാൻ, നോർത്ത് ഈസ്റ്റേൺ ഇറാൻ, മഷദ് പോലെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഇറാനിലെ പുണ്യ നഗരം-ഷിയ മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം ഇമാം റീസ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്. ട്രഡിഷണലായി വളരെ കൺസർവേറ്റീവായ പ്രദേശമാണ് ഇവിടം. ഇമാം റീസയുടെ മുസോളിയം സന്ദർശിക്കാൻ എനിക്ക് അവസരം കിട്ടുകയുണ്ടായി. ആ പ്രദേശത്തും സ്ത്രീകളുടെ നേതൃത്വത്തിലുള്ള സമരം ശക്തമായി എന്ന് പറഞ്ഞാൽ ഒരു പക്ഷെ ഈ ഭരണകൂടത്തിനുള്ള, ഏറ്റവും തീവ്ര വലതുപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണയെ തന്നെ ഒരുവിധത്തിൽ അത് ഉലക്കുന്നുണ്ട്. കൺസർവേറ്റീവായിട്ടുള്ള ജനവിഭാഗങ്ങളിൽ നിന്നും ഭരണകൂടത്തിനുള്ള സപ്പോർട്ട് കുറഞ്ഞുവരുന്നു എന്നുള്ളതിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഉദാഹരണമാണ് മഷ്ഹദിലെ പ്രൊട്ടസ്റ്റ്. ഇതുപോലെ തന്നെയാണ് ഖോമിലെ പ്രൊട്ടസ്റ്റ്. ഖോം ആയത്തുള്ള ഖുമൈനിയുടെ സ്ഥലമാണ്. അലി ഖമനെയുടെയും സ്ഥലമാണ്. ഖോം സെമിനാരിയിലാണ് ഇവരൊക്കെ വളർന്നത്. ഖോമിലും വലിയ തോതിൽ വിദ്യാർത്ഥികളും അധ്യാപകരും-അവിടുത്തെ അധ്യാപകരിൽ വലിയ വിഭാഗം ഷിയാ ക്ലർജി തന്നെയാണ്-അവരൊക്കെ തെരുവിൽ ഇറങ്ങുന്ന സ്ഥിതി ഈ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത് നിർണ്ണായകമായിട്ടുള്ളതാണ്. അലി ഖാംനഇയുടെ തന്നെ ചില താവളങ്ങളിൽ സമരം പടരുന്നതായിട്ടാണ് കാണുന്നത്. ഐ.ആർ.ജി.സിയുടെ ഹെഡ് സമരം നിർത്താൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു അൾട്ടിമേറ്റം കൊടുക്കുകയുണ്ടായി. ഹുസൈൻ സലാമി ചെയ്ത പ്രഭാഷണം ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞത് ഇന്ന് കൂടി തരുന്നു, ഇതിന് അപ്പുറം സമരം തുടർന്നാൽ പൂർണ്ണമായി അടിച്ചമർത്തുമെന്നുമാണ്. ഇപ്പോഴും അടിച്ചമർത്തുന്നുണ്ട് എന്ന് നമുക്കൊക്കെ അറിയാവുന്നതാണ്. അതിന്റെ രംഗങ്ങൾ കാണുന്നതാണ്. പക്ഷെ ഇനി ഒട്ടും അനുവദിക്കില്ല. അതിന് ശേഷമാണ് ഇന്നലെ വൻ തോതിലുള്ള പ്രതിഷേധം കാണുന്നത്. വളരെ രക്തരൂഷിതമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് അവർ കടക്കുമെന്നുള്ളത് തന്നെയാണ് മനസിലാവുന്നത്. സമരക്കാരും ഭരണകൂടവും നേർക്കുനേർ നിന്ന് പൊരുതുന്ന ഒരു സ്ഥിതിവിശേഷത്തിലേക്ക് സ്ഥിതി മാറുകയാണ്.

ഈ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഈ സമരത്തെ ഗ്രീൻ മൂവ്മെന്റിന്റെ കാലത്ത് ഒതുക്കാൻ സാധിച്ചതുപോലെ, 2019 ലെ വലിയ തൊഴിലാളി സമരത്തെ ഒതുക്കാൻ സാധിച്ചതുപോലെ ഒതുക്കാൻ സാധിക്കുമോയെന്ന് പൂർണ്ണമായിട്ടും പറയാറായിട്ടില്ല. ഈ വരുന്ന ആഴ്ചകളിലെ ഭരണകൂടത്തിന്റെ പ്രവർത്തനരീതി വെച്ച് മാത്രമെ നമുക്ക് അതിനെ കുറിച്ച് എന്തെങ്കിലും കാര്യമായിട്ടുള്ള നിഗമനങ്ങളിൽ എത്താൻ സാധിക്കുകയുള്ളൂ. സമരത്തിന്റെ വിജയപരാ‍ജയങ്ങൾ അപഗ്രഥിക്കണമെങ്കിൽ സമരം ഇന്ന് ആവശ്യപ്പെടുന്നത്, സ്ത്രീകൾ പ്രത്യേകിച്ച് ആവശ്യപ്പെടുന്നത് ഇങ്ങനെയൊരു ഭരണകൂടവും അതിന്റെ നിയമസംവിധാനവും പൊലീസിം​ഗ് സംവിധാനവും വെച്ച് ഇനി ഒരടി മുന്നോട്ടുപോകാൻ സാധിക്കുകയില്ല എന്നാണ്. ഈ ഭരണകൂടത്തെ തന്നെ തകിടം മറിക്കുന്ന സം​ഗതിയാണത്. സ്വാഭാവികമായി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഒരുവിധത്തിലും ഒരു ചർച്ചക്കും തയ്യാറാവാൻ സാധിക്കാത്ത സംഗതിയാണ് ഈ ഭരണത്തിനകത്ത് തന്നെ വലിയതോതിലുള്ള അഴിച്ചുപണി നടത്താൻ അവരെത്ര കണ്ട് തയ്യാറാണ് എന്നുള്ളത്, അത് എത്ര കണ്ട് സ്വീകാര്യമാണ് എന്നുള്ളത്. ഒരുപക്ഷെ നിലവിലുള്ള സ്ഥിതിവിശേഷത്തിന്റെ രൂക്ഷത മനസിലാക്കാൻ അലി ഖാംനഇയുടെ നേത‍ൃത്വത്തിനിന്ന് സാധിക്കുന്നുണ്ടോ എന്നുള്ളത് ഒരു പ്രധാനപ്പെട്ട ചോദ്യമാണ്. ഈ സമരത്തിന്റെ വൈപുല്യത്തെ തന്നെ കൃത്യമായി മനസിലാക്കിയിട്ടുണ്ടോ എന്നുള്ളതും പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറഞ്ഞ് ഞാൻ അവസാനിപ്പിക്കാം.

ഇപ്പോൾ സ്ത്രീകളുടെ നേതൃത്വത്തിൽ മഹ്സ അമിനിയുടെ മരണത്തെ തുടർന്നുണ്ടായ പ്രൊട്ടസ്റ്റിന്റെ മുഖ്യ മുദ്രാവാക്യങ്ങൾ, ഒന്ന് ‘സ്ത്രീ, ജീവൻ, സ്വാതന്ത്ര്യം’ എന്നുള്ള മുദ്രാവാക്യമാണ്. മറ്റൊന്ന് ‘ഡെത്ത് ടു ദി ഡിക്ടേറ്റർ’ എന്നാണ്. അപ്പോൾ അലി ഖാമനഇയെ ഡിക്റ്റേറ്ററായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് സമരം. കാരണം ദൈനംദിന ജീവിതത്തിൽ സ്ത്രീകൾ പ്രത്യേകിച്ച് അനുഭവിക്കുന്നത് ഒരു ഡിക്റ്റേറ്റർഷിപ്പാണ്. ഞാനും എലിസബത്തും ഇറാനിലുണ്ടായിരുന്നു. അപ്പോൾ തലയിൽ തുണി ഇട്ടുകൊണ്ട് മാത്രമേ നടക്കാൻ സാധിക്കുമായിരുന്നുള്ളൂ. പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ടെഹ്റാനിൽ ആണെങ്കിലും ഷിറാസിലാണെങ്കിലും ഇസ്ഫഹാനിൽ ആണെങ്കിലും മഷ്ഹദിൽ ആണെങ്കിലും പല വിഭാഗം ജനങ്ങളുമായിട്ട് ഇടപെടാനുള്ള അവസരം ലഭിച്ചു. ടെഹ്റാനിൽ 2019 ൽ യൂണിവേഴ്സിറ്റിയിൽ എനിക്ക് പഠിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. പല വിഭാഗങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളുടെ കൂട്ടായമ്കളിലും അവർ ഇടപെടുന്ന ജീവിത ഇടങ്ങളിലുമൊക്കെ ചെല്ലാൻ അവസരം ലഭിച്ചപ്പോൾ ദൈനംദിന ജീവിതത്തിൽ ഈ പുറമേയുള്ള വസ്ത്രധാരണത്തിലുള്ള അടിച്ചേൽപ്പിക്കൽ പലവിധത്തിലും അവർ തന്ത്രപരമായി മറികടക്കുന്നത് നമുക്ക് നേരിട്ട് തന്നെ കാണാൻ സാധിക്കും. എന്റെ ക്ലാസിൽ തന്നെ വിദ്യാർത്ഥിനികൾ ആയിരുന്നു കൂടുതൽ. അവർ ചില പ്രൊഫസേഴ്സിന്റെ ക്ലാസിൽ പൂർണ്ണമായിട്ടും ചാദർ ഇട്ട് തന്നെ വരും. ക്ലാസിൽ കയറുന്നത് അങ്ങനെ തന്നെയാണ്. പക്ഷെ ക്ലാസിനകത്ത് അവർ ശിരോവസ്ത്രം മാറ്റി സ്വാതന്ത്ര്യത്തോടെ ഇരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഫോർമൽ സ്ഥലങ്ങളിലാണ് പലപ്പോഴും ഇത്തരം ഗവൺമെന്റ് നിർബന്ധിക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കപ്പെടുന്നത്. കോഫി ഹൗസിൽ ചെറുപ്പക്കാരുടെ ഇടയിൽ പോയിക്കഴിഞ്ഞാൽ പലപ്പോഴും ഈ ശിരോവസ്ത്രം മാറ്റിയുള്ള ഇടപെടൽ നടത്തുന്നത് നമുക്ക് നേരിട്ട് കാണാൻ സാധിക്കും. പൊലീസിനെ ഒക്കെ വെല്ലുവിളിക്കുന്ന രീതിയിൽ, സ്വീകാര്യമാണോ അല്ലയോ എന്ന് മോറൽ പോലീസിന് തന്നെ സംശയമുണ്ടാക്കുന്ന രീതിയിൽ അവരെ പ്രകോപ്പിക്കാൻ തന്നെയായിട്ട് വസ്ത്രം ധാരണം ചെയ്യുന്ന ചെറുപ്പക്കാരികളെ നമുക്ക് ധാരാളം കാണാൻ സാധിക്കും. ഈ വസ്ത്രധാരണ രീതിയെന്നുള്ളത് സ്ട്രാറ്റജിക്കായിട്ട് പലപ്പോഴും അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഒരു ജീവിതസമരം എന്നുള്ള നിലയിൽ അവർ നടത്തികൊണ്ടിരിക്കുന്നതാണ്. പക്ഷെ ഇപ്പോൾ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് പൊലീസിം​ഗ് സംവിധാനത്തിന് എതിരെ, ഭരണകൂടത്തിന് എതിരെ ക‍‍‍ൃത്യമായി നിലപാട് എടുക്കുന്ന ഇറാൻ ജനതയുടെ അനേകം വിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന ഒരു രീതിയിലേക്ക് സ്ത്രീകൾക്ക് ആ സമരത്തെ കൊണ്ടുപോകാൻ സാധിച്ചുവെന്നുള്ളതാണ് ഇന്ന് വരെയുള്ള പ്രധാനപ്പെട്ട വിജയമെന്ന് പറയുന്നത്. ഏറ്റവും അവസാനം ഈ ആഴ്ച കണ്ടത് ഓയിൽ വർക്കേഴ്സിന്റെ ഇടയിൽ നിന്നുള്ള സപ്പോർട്ടും പ്രധാനമാണ്. ഇറാനിയൻ വിപ്ലവത്തിന്റ കാര്യത്തിൽ ഷാ പുറത്ത് പോകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഓയിൽ വർക്കേഴ്സിന്റെ സമരമായിരുന്നു.

പക്ഷെ ഇറാൻ ഇന്ന് നേരിടുന്ന വലിയ പ്രതിസന്ധി ഭരണകൂടത്തിന്റെ സ്വഭാവം മാത്രമല്ല. ഇറാൻ ജനത നേരിടുന്ന അമേരിക്കൻ ഉപരോധമാണ്. ആഗോള തലത്തിൽ അതിന്റെ മേലെ ചെലുത്തിയിട്ടുള്ള ഉപരോധങ്ങളാണ്. അതുകൊണ്ട് ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കുറേ കാലമായി കടന്നുപോകുന്നുവെന്നുള്ളതാണ്. അത് വളരെ രൂക്ഷമായിട്ടുണ്ട്. വളരെ വീക്കായിട്ടുള്ള ഒരു സമ്പദ് വ്യവസ്ഥയിൽ ഉയർന്നുവരുന്ന പ്രതിഷേധവും ആ സമ്പദ് വ്യവസ്ഥയുടെ ഭാഗമായി 2019 ലൊക്കെ കണ്ടത് പോലെ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള സമരവും ഒക്കെ ഒന്നിച്ച് ചേരുമ്പോഴാണ്, ഈ സമരത്തിൽ അത്തരം ശക്തികൾ ഒന്നിക്കുന്നു എന്നുള്ളതിനെ വളരെ പ്രധാനമായിട്ട് തന്നെ നാം കാണേണ്ടതുണ്ട്.

https://www.keraleeyammasika.com/mahsa-amini-iran-women-death-protest-kurdish-revolution/