‘സ്വദേശാഭിമാനി’ പത്രത്തിന്റെ സ്ഥാപകനും കേരള നവോഥാനത്തിന്റെ പ്രമുഖ ശിൽപ്പികളിൽ ഒരാളുമായ വക്കം മൗലവിയുടെ (1873-1932) നൂറ്റിയമ്പതാം ജന്മദിനം ഈ മാസം, ഡിസംബർ 28-നു ആചരിക്കുകയാണ്. 2022-23 ജന്മവാർഷികമായി ആചരിക്കുകയുമാണ്. നിരവധി പരിപാടികൾ ഇതുമായി ബന്ധപ്പെടുത്തി നടത്താൻ വക്കം മൗലവിയുടെ ജന്മദേശമായ വക്കത്തു സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം (Vakkom Moulavi Memorial and Research Centre- VMMRC) തീരുമാനിച്ചിട്ടുണ്ട്.
ഡിസംബർ 28-നു (ബുധനാഴ്ച വൈകുന്നേരം 5 മണിക്ക്) തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടത്തുന്ന വക്കം മൗലവി സ്മാരക പ്രഭാഷണം മാതൃഭൂമി പത്രത്തിന്റെ മാനേജിങ് എഡിറ്ററും മുൻ എം.പി.യുമായ ശ്രീ ശ്രേയംസ് കുമാർ ഉദ്‌ഘാടനം ചെയ്യും. അതോടൊപ്പം 100 വർഷം പൂർത്തിയാക്കിയ മാതൃഭൂമിയെ ആദരിക്കുകയും ചെയ്യുന്നു.
“കേരള നവോഥാനവും പത്രപ്രവർത്തനവും” എന്ന വിഷയത്തിൽ വക്കം മൗലവി അനുസ്മരണ പ്രഭാഷണം നടത്തുന്നത് മുതിർന്ന മാധ്യമ പ്രവർത്തകനായ ശ്രീ. എം. ജി. രാധാകൃഷ്ണനാണ്. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്‌ബാൽ അധ്യക്ഷനായിരിക്കും. ചടങ്ങിൽ കാലിക്കറ്റ് സർവകലാശാലയിലെ സി.ച്ച്.മുഹമ്മദ് കോയ ചെയർ സമാഹരിച്ച “ഐക്യസംഘം രേഖകൾ” (രചന: അബ്ദുറഹ്മാൻ മങ്ങാട്) ഡോ. ബി. ഇക്‌ബാൽ പ്രകാശനം ചെയ്യും. ചെയർ ഡയറക്ടർ ശ്രീ.ഖാദർ പാലാഴി പുസ്‌തകം സ്വീകരിക്കും.