വക്കം മൗലവി സമാനതകളില്ലാത്ത വ്യക്തിത്വം, എൻ. പി. ഹാഫിസ് മുഹമ്മദ്

0
89

“സമാനതകൾ ഇല്ലാത്ത നേതൃത്വ വാസന പ്രകടിപ്പിച്ചിരുന്ന നവോത്ഥാന നായകനായിരുന്നു വക്കം മൗലവിയെന്നു എഴുത്തുകാരനായ എൻ. പി. ഹാഫിസ് മുഹമ്മദ്. നാല്പതാമത്‌ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററും യുവതാ ബുക്‌സും സംയുക്തമായി സംഘടിപ്പിച്ച പുസ്തക പ്രകാശന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരുമില്ലാതെ കിടന്ന ഒരു ജനതയുടെ ഇടയിലേക്കാണ് മൗലവി കടന്നു വന്നത്. വിദ്യാഭ്യാസരഹിതമായ, അന്ധവിശ്വാസ ജടിലമായ ഒരു സമുദായത്തിനിടയിലേക്കാണ് അദ്ദേഹം കാലെടുത്തു വെച്ചത്.

സമുദായത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് വിമരർശിക്കുകയായിരുന്ന മൗലവി ഒരിക്കലും വിദ്വേഷത്തിന്റെ ഭാഷ ഉപയോഗിച്ചിരുന്നില്ല. അദ്ദേഹം കാലത്തിനു മുന്നിൽ നടന്ന വ്യക്തിയാണ്. ഒരു നവോത്ഥാന നായകൻ ഇന്നലകളെക്കുറിച്ചു വേവലാതി പൂണ്ടിരിക്കുന്ന വ്യക്തിയല്ല. ഇന്നിൽ പരിവർത്തനം വരുത്തുന്നതിലേറെ വരാനിരിക്കുന്ന കാലത്തേയ്ക്ക്  എന്ത് ചെയ്യണമെന്ന് ആലോചിച്ചിരുന്ന ഒരു ക്രാന്തദർശിയായിരുന്നു വക്കം മൗലവി. അങ്ങനെയുള്ളവർ — മൗലവിയെയും,   നാരായണ ഗുരുവിനേയും ചാവറ അച്ഛനെയും പോലുള്ളവർ — കേരളത്തിൽ വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ. ഭാവിയിൽ കേരള മുസ്ലിങ്ങൾ എവിടെയായിരിക്കണം എന്ന കാര്യത്തിൽ സമഗ്രമായ ഒരു കാഴ്ചപ്പാട് മൗലവിക്ക് ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ സൂക്ഷമായ പ്രവർത്തനങ്ങളിൽ നിന്നും മനസിലാക്കാം, ഹാഫിസ് മുഹമ്മദ് പറഞ്ഞു.

“ഒരു സ്ത്രീയായ തനിക്കു ഈ വേദിയിൽ പ്രമുഖ വ്യക്തികളോടൊപ്പം ഇരിയ്ക്കാൻ ഒരവസരം ലഭിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത് ദീർഘദർശിയായ, സാമൂഹിക പരിഷ്കർത്താവായ വക്കം മൗലവിയെ പോലുള്ള വ്യക്തികൾ കാരണമാണെന്നും അതുകൊണ്ടു തന്നെ തന്നെപ്പോലുള്ള സ്ത്രീകൾ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും എഴുത്തുകാരിയായ ഷെമി പറഞ്ഞു.

 യുവത പ്രസിദ്ധീകരിച്ച ഡോ. ടി. കെ. ജാബിറിന്റെ “വക്കം മൗലവി: ചിന്തകൾ, രചനകൾ” എന്ന പുസ്തകം ഷെമി പ്രകാശനം ചെയ്തു. സഹീർ നരിക്കുനി പുസ്തകം ഏറ്റു വാങ്ങി. നാസർ ഇബ്രാഹീം ആമുഖവും, ഹാറൂൺ കക്കാട് പുസ്തക പരിചയവും നടത്തി.

 എൻ പി ഹാഫിസ് മുഹമ്മദ്  “നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ഗതിവിഗതികൾ” എന്ന പ്രമേയത്തെ അധികരിച്ചു ഉത്‌ഘാടന പ്രഭാഷണം നടത്തി. ഇ കെ ദിനേശൻ  “വക്കം മൗലവി: പ്രസാധനമേഖലയിലെ വിപ്ലവങ്ങൾ” എന്ന വിഷയത്തെക്കുറിച്ചും ഡോ. ഫുക്കാർ അലി “വക്കം മൗലവി: ധീരനായ പരിഷ്കർത്താവ്” എന്ന വിഷയത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തി. വക്കം മൗലവി മെമ്മോറിയൽ ആൻ്റ് റിസർച്ച് സെൻ്റർ സെക്രട്ടറി  സമീർ മുനീർ മൗലവി സ്മാരക ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടു സംസാരിച്ചു.

അൻവർ ജൗഹർ നന്ദി രേഖപ്പെടുത്തി. വക്കം മൗലവി മെമ്മോറിയൽ ആൻറ് റിസർച്ച് സെന്ററിന്റെ ഗൾഫിലെ ആദ്യ പരിപാടിയായിരുന്നു ഷാർജയിൽ നടന്നത്.