സ്വാതന്ത്രൃപ്പുലരിയിൽ ഒരുവൾ!

0
88

ഖദീജാ മുംതാസ്

സ്വാതന്ത്രൃത്തിൻ്റെ അമൃതവർഷത്തിൽ കുളിർന്ന് വിജ്റുംഭിച്ചു നിൽക്കുകയാണോ ഈ ഞാനും! അങ്ങനെയൊരുവൾ ഉണ്ടായിരുന്നു പണ്ട്! ‘ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരു പിടി മണ്ണല്ല’ എന്നോ ‘ശിൽപ്പികൾ നമ്മൾ, ഭാരത ശിൽപ്പികൾ നമ്മൾ …’ എന്നോ പാട്ടുപെട്ടി പാടിത്തുടങ്ങുമ്പോഴേയ്ക്കും അഭിമാനം കൊണ്ട് പിടഞ്ഞുണർന്നിരുന്നവൾ! കൊച്ചു ദേശീയപതാക നെഞ്ചിൽക്കുത്തി ഉശിരോടെ സ്കൂൾ മുറ്റത്തെ കൊടിമരച്ചുവട്ടിൽ വർണപ്പൊട്ടുകൾ വിതറി പൊങ്ങി വിടരുന്ന വലിയ ത്രിവർണത്തിലേക്ക് കണ്ണുനട്ട് അഭിമാനം കൊണ്ടവൾ! എൻ്റെ ഇന്ത്യ! എൻ്റെ ദേശീയപതാക !

കൗമാരത്തിലും യൗവനത്തിൽപ്പോലും അങ്ങനെയായിരുന്നു.എൻ്റെ യൗവനകാലത്തായിരുന്നു ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥ. എങ്കിലും അവർ എല്ലാ അധികാരപ്രമത്തതകൾക്കുമപ്പുറം ഇന്ത്യയെ സ്നേഹിച്ചിരുന്നു എന്നു വിശ്വസിക്കാനായിരുന്നു അന്നിഷ്ടം. അതൊരു താൽക്കാലിക ദുഷ്പ്രവൃത്തി ആയിരുന്നു എന്നും. മഹാനായ ജവഹർ ലാലിൻ്റെ മകൾ ജനാധിപത്യ വ്യവസ്ഥിതിയിലേക്കും, തെരഞ്ഞെടുപ്പിൻ്റെ അഗ്നിപരീക്ഷയിലേക്കും തൻ്റെ തന്നെ പരാജയത്തിലേക്കും മാസങ്ങൾക്കു ശേഷം ധീരതയോടെ നടന്നു കയറിയല്ലോ. അവർ പോയ ശേഷം അവർക്കു വേണ്ടിയെന്നവണ്ണം നടന്ന വംശീയോന്മൂലനത്തിനു കൂട്ടുനിന്നവർ, കണ്ണടച്ചവർ, കൂടുതൽ അപലപനീയരാണ് എൻ്റെ കണ്ണിൽ. എങ്കിലും എൻ്റെ നാട് എല്ലാ പ്രാതികൂല്യങ്ങളെയും നിഷ്പ്രഭമാക്കി തലയുയർത്തിത്തന്നെ എൻ്റെയുള്ളിൽ നിന്നു.പിന്നെയെപ്പോഴാണ് എല്ലാം നഷ്പ്പെട്ടു തുടങ്ങിയത് ?

ചേരിചേരാ നയത്തിൻ്റെ നീതിയിൽ വിശ്വസിച്ചിരുന്ന എൻ്റെ ഇന്ത്യ. ഏഷ്യൻ രാജ്യങ്ങൾ തങ്ങളുടെ നേതൃരാജ്യമായി സന്തോഷത്തോടെ സ്വീകരിച്ച നീതിയുടെ രാഷ്ട്രം. പാശ്ചാത്യരുടെ അംഗീകാരം വരെ നേടിയെടുത്ത ജനാധിപത്യ രാജ്യം. ചേരി ചേരാ നയത്തെ ചേർത്തു പിടിച്ചു കൊണ്ടു തന്നെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് രാജ്യമായ സോവിയറ്റ് യൂണിയനോട് അടുത്ത സൗഹൃദം പുലർത്തിയ ചാച്ചാ നെഹൃവിൻ്റെ ഇന്ത്യ. അഭിമാനമായിരുന്നു ഞങ്ങൾ കുട്ടികൾക്ക് .സോവിയറ്റ്ലാൻറ് മാസികകളിലൂടെ ഞങ്ങൾ സമപ്രായക്കാരായ റഷ്യൻ കുട്ടികളെയറിഞ്ഞു. മനസ്സുകൊണ്ടു് സൗഹൃദം സ്ഥാപിച്ചു. ലോകത്തിൻ്റെ വിദൂര കോണുകളിലെ മനസ്സിൻ്റെ തുറസ്സുകളോട് ഇന്ത്യക്കാരൻ്റെ ഉള്ളിലെ നന്മകൾ കൈകോർക്കുന്ന വലിയ അനുഭവം. ആ ഇന്ത്യ ഇന്നെവിടെ? ആലോക ക്രമവും എവിടെ?

വലതുപക്ഷവൽക്കരണം, സാമ്പത്തിക ശക്തികളുടെ അഗോചര ഭരണം, മത രാഷ്ട്രമായി മാറാൻ വെമ്പൽ കൊള്ളുന്നവരുടെ ഉള്ളു പൊള്ളയായ രാജ്യസ്നേഹപ്രഘോഷണങ്ങൾ അതൊക്കെയല്ലേ ഇന്ന് എൻ്റെ രാജ്യം? യുവാക്കളെ, കർഷകരെ അരക്ഷിതരാക്കുന്ന രാഷ്ട്രം. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവും വേണമെന്നില്ലാത്ത ഭരണാധികാരികൾ .ദേശീയതയ്ക്ക് ഭയപ്പെടുത്തുന്ന അർത്ഥങ്ങൾ ചമയ്ക്കുന്നവർ. എത്ര മഹത്തുക്കൾ ജീവൻ കൊടുത്ത് നേടിയെടുത്ത സ്വാതന്ത്രൃവും ജനാധിപത്യവുമാണിത്!

ഹിന്ദു രാഷ്ട്രമാകാതെ മതേതര ജനാധിപത്യ രാഷ്ട്രമായത് അനൗചിത്യമായെന്നോ, ഉദാരതയായിരുന്നുവെന്നോ വിശ്വസിക്കാൻ തുടങ്ങുന്നവരുടെ എണ്ണം ഇന്ന് ഭയാനകമാം വിധം കൂടി വരുന്നു.

സ്വതന്ത്ര ഇന്ത്യ, അഖണ്ഡ ഇന്തൃ നിലനിൽക്കണമായിരുന്നുവെങ്കിൽ മതേതര ജനാധിപത്യമല്ലാതെ വേറെയെന്തുണ്ടായിരുന്നു മാർഗ്ഗം എന്ന വർ ഓർക്കുന്നേയില്ല. ആറു പ്രമുഖ മതങ്ങൾ, 6400 ജാതികൾ, അതിനേക്കാളേറെ ഉപജാതികൾ, 18 ഭാഷകൾ,1600 ലേറെ ഉപഭാഷകൾ, എണ്ണമില്ലാത്ത സാംസ്കാരിക വൈജാതൃങ്ങൾ ,വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങൾ, വിട്ടു പോകാനൊരുങ്ങുന്ന വടക്കു കിഴക്കൻ പ്രദേശങ്ങൾ ഇവയൊക്കെ ഉൾപ്പെടുന്ന ഒരു മഹാ ഭൂവിഭാഗത്തെയും ജനതയെയും ഒന്നിപ്പിക്കേണ്ട മഹായജ്ഞമായിരുന്നു നമ്മുടെ നേതാക്കളുടെ മുമ്പിൽ. എത്ര സ്തുത്യർഹമായാണ് ഭാവി ഭരണഘടനാ വാഗ്ദാനങ്ങളുടെ ചരടിൽ എല്ലാവരെയും അന്നവർ ഒന്നിപ്പിച്ചത്! മുസ്ലിം ഭൂരിപക്ഷമുള്ള താരതമ്യേന ചെറിയ ഭൂവിഭാഗങ്ങളെ പാക്കിസ്ഥാനാക്കി മുറിച്ചുനൽകിയതിനു സമാനമായി ഇന്ത്യാ മഹാരാജ്യത്തെ കരുതാൻ എങ്ങനെയാകും? മതത്തിൻ്റെ പേരിൽ വേറിട്ടു പോയ ആ രാഷ്ട്രത്തിനു പിന്നീടെന്തു സംഭവിച്ചു എന്നോർക്കാനെങ്കിലും നമുക്കാവണ്ടേ?

ഹിന്ദു -മുസ്ലിം തർക്കം സൗഹൃദപരമായി തീർക്കാതെ തിരക്കുപിടിച്ച് നാടിനെ രണ്ടു സ്വതന്ത്ര രാജ്യങ്ങളാക്കി പ്രഖ്യാപിക്കുന്നതിലെ ഉത്ക്കണ്ഠ മഹാനായ അബുൽ കലാം ആസാദ് പ്രകടിപ്പിച്ചപ്പോൾ അതിനെ നിസാരവൽക്കരിച്ചുവത്രെ മൗണ്ട് ബാറ്റൺ പ്രഭു.’ഒന്നുമുണ്ടാകില്ല, ഞാൻ വാക്കു തരുന്നു’. അതിർത്തികളെ ലക്ഷക്കണക്കിനു മനുഷ്യരുടെ ചോരപ്പുഴ കൊണ്ടു ചുവപ്പിച്ചു പിന്നെയാ വാഗ്ദാനം. ജാതീയതയുടെ അധികാരശക്തിയിൽ നിന്ന് സ്വാതന്ത്രൃം നേടാതെ, കൊളോണിയൽ സാമ്രാജ്യശക്തിയിൽ നിന്ന് പുറത്തു വന്നാൽ അധികം വൈകാതെ ഹിന്ദു ഇംപീരിയലിസത്തിലേയ്ക്കായിരിക്കും ഇന്ത്യ പതിക്കുക എന്നു പ്രവചിച്ചിരുന്നു, ഇന്ത്യയുടെ ചരിത്രവും വർത്തമാനവുമെഴുതിയ മലയാളിയും ശ്രീനാരായണ ഗുരുശിഷ്യനുമായിരുന്ന അഗാധ പണ്ഡിതൻ, സ്വാമി ധർമ്മതീർത്ഥ(The History of Hindu Imperialism). ഇതേ ഉത്ക്കണ്ഠ തന്നെയാണ് മഹാനായ അംബേദ്ക്കറിനെക്കൊണ്ടു് ഇങ്ങനെ പറയിച്ചത് ‘ സ്വാതന്ത്രൃമോ?ആരുടെ സ്വാതന്ത്രൃത്തെപ്പറ്റിയാണ് മഹാത്മാവേ, താങ്കൾ പറയുന്നത്?’. ഗാന്ധിജിയോടുള്ള പ്രതികരണമായിരുന്നല്ലോ അത്.ഗാന്ധിജി അറിയും പോലായിരുന്നില്ലല്ലോ അംബേദ്ക്കർ ജാതീയതയെ അനുഭവിച്ചത്!

സ്വാതന്ത്രൃത്തിൻ്റെ എഴുപത്തഞ്ചാം വാർഷികം ഇവ്വിധം വർണ്ണാഭമാക്കുമ്പോൾ ദളിതർക്ക്, ന്യൂനപക്ഷങ്ങൾക്ക്, ജനാധിപത്യ വിശ്വാസികൾക്ക് , ഉത്ക്കണ്ഠപ്പെടേണ്ടി വരുന്നു. ആരുടെ സ്വാതന്ത്രൃപ്പറ്റിയാണ് നിങ്ങൾ പറയുന്നത്? പുതിയ ഭരണഘടന തയ്യാറായിക്കൊണ്ടിരിക്കുന്നു വരാണസിയിൽ, ഹിന്ദു സന്യാസി സൻസദിൽ! ന്യൂനപക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിക്കുന്ന ഭരണഘടന .ജാതി ശ്രേണീകരണത്തെ നിയമമാക്കുന്ന ഭരണഘടന. പുണ്യ വരാണസിയായിരിക്കുമത്രെ പുതിയ രാജ്യ തലസ്ഥാനം.രക്തപ്പുഴകളുടെ, പലായനത്തിൻ്റെ കഥകൾക്കായി കാത്തിരിക്കുകയാണോ നമ്മളഭിമാനിച്ചിരുന്ന ഈ ജന്മഭൂമി ?

ചെറിയൊരു പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട് വീണ്ടെടുപ്പിന്. ഒരു കനൽ മതിയല്ലോ ആളിക്കത്തിക്കാൻ . യുവാക്കൾ, കീഴാളർ, ഇതു വരെ നാം പിൻതുടർന്ന ശ്രേഷ്ഠ ഭരണഘടനയെ ഇപ്പോഴും മുറുകെപ്പിടിക്കുന്ന പ്രതിപക്ഷ കക്ഷികൾ …. എവിടെ അവരൊക്കെ? എന്തേ വിയോജിപ്പുകൾ മാറ്റിവെച്ചൊരു കൈകോർക്കലിനുള്ള മുന്നേറ്റങ്ങളൊന്നും നടക്കാത്തൂ? ബീഹാറിൽ കണ്ട പ്രതീക്ഷയുടെ നാളം കെട്ടുപോകുംമുമ്പ്…

അതു വരെ ഞാൻ എൻ്റെ ഇന്ത്യയെ മനസ്സിൽത്തന്നെ സൂക്ഷിക്കട്ടെ! എൻ്റെ ത്രിവർണ പതാക ഞാനീ വട്ടം ആ മണ്ണിൽ ഉയർത്തുന്നു.അവിടെ മാത്രം ഉയർത്തുന്നു.അങ്ങനെ തീരുമാനിക്കാനുള്ള സ്വയംനിർണ്ണയാവകാശമെങ്കിലും ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ടല്ലോ! എൻ്റെ സ്വപ്നങ്ങളെ, സ്വാതന്ത്രൃപ്പതാകയെ നെഞ്ചോടു ചേർത്ത് ഞാൻ നിൽക്കുന്നു, നിരാശയുടെ കണ്ണീരിനെ ഈ ആഘോഷമഴയിലൊളിപ്പിച്ച്….