നിർഭയ പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃകയാണ് വക്കം മൗലവി എന്നും പത്രപ്രവർത്തനം എങ്ങനെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയാകുന്നതെന്നു തെളിയിച്ച മഹാനാണ് അദ്ദേഹമെന്നും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ വക്കം മൗലവി സ്മാരക പുരസ്കാരം ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ. രാജഗോപാലിന് സമർപ്പിച്ചു കൊണ്ട് വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ താല്പര്യത്തിന് എതിരായി സത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊണ്ട വക്കം മൗലവിയുടെ കാലത്തേക്കാണ് ഇന്ന് ഇന്ത്യയിലെ സാഹചര്യവും കടന്ന് പോകുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇതൊരു വ്യത്യസ്ത കാലമാണ്.
അടിയന്തരാവസ്ഥകാലത്തേതിന് സമാനമായ മാധ്യമ നിയന്ത്രണമാണ് ഇന്ത്യയിലെ ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിപ്രായ സ്വാതന്ത്ര്യം പുതിയ വെല്ലുവിളികൾ ഉയർത്തുന്ന ഒരു കാലത്താണ് ഇന്ത്യൻ മാധ്യമ മേഖല പ്രവർത്തിക്കുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാനുമായ ശശികുമാർ അഭിപ്രായപ്പെട്ടു. “ഇന്ത്യൻ മാധ്യമ രംഗത്തെ വെല്ലുവിളികൾ” എന്ന വിഷയത്തെ മുൻനിർത്തി വക്കം മൗലവി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം, ഇന്ത്യയിൽ മാധ്യമങ്ങളെ കീഴടക്കി ഭരിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാക്കളുടെ ഫോണിലേക്ക് വരെ കടന്ന് കയറി അവരുടെ അഭിപ്രായങ്ങളെയും ചിന്തകളെയും സ്വാധീനിക്കാനും നിയന്ത്രിക്കാനുമാണ് ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളെ അനുസരിക്കാത്ത മാധ്യമങ്ങളെ ഭരണകൂടംശത്രുക്കളായിട്ടാണ് കാണുന്നത്. മറ്റുള്ളവരെ തങ്ങളുടെ വരുതിയിൽ കൊണ്ട് വന്ന് ആശയ പ്രചാരണത്തിനും ഉപയോഗിക്കുന്നതാണ് ഇന്ന് ഇന്ത്യയിൽ നമ്മൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസർച്ച് സെന്ററിന്റെ പ്രഥമ വക്കം മൗലവി സ്മാരക പുരസ്കാരം ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ. രാജഗോപാലിന് സമർപ്പിച്ചു. ഏറ്റവും ധീരനും അതുല്യനുമായി താൻ കരുതുന്ന വക്കം മൗലവിയുടെ പേരിലുള്ള ഈ അവാർഡ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നു മറുപടി പ്രസംഗത്തിൽ ടെലിഗ്രാഫ് എഡിറ്റർ-അറ്റ്-ലാർജ് ആർ. രാജഗോപാൽ പറഞ്ഞു.
സാഹിത്യ നിരൂപകനായ ഡോ. പി.കെ. രാജശേഖരൻ അദ്ധ്യക്ഷം വഹിച്ചു. ജബീന സ്വാഗതവും ഡോ. ഷാഹിന നന്ദിയും പറഞ്ഞു.